ഇരിട്ടി: പുതുവർഷ സമ്മാനമായി കൂട്ടുപുഴ പാലം നാളെ നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉൽഘാടനം ചെയ്യും. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. മാക്കൂട്ടം ചുരം അന്തർ സംസ്ഥാന പാതയിൽ കേരള-കർണാടക സംസ്ഥാനങ്ങൾക്കിടയിലെ പ്രവേശന കവാടമാണ് കൂട്ടുപുഴ പാലം.
ഇരു സംസ്ഥാനങ്ങളിലുമായി ദിവസേന ബന്ധപ്പെടുന്ന ആയിരകണക്കിന് വ്യാപാരികൾക്കും യാത്രക്കാർക്കും പാലം ഒരു ആശ്വാസമാണ്. കൂട്ടുപുഴ പുഴയ്ക്ക് കുറുകെ 90 മീറ്റർ നീളത്തിൽ അഞ്ച് തൂണുകളിലായി പാലത്തിന്റെ നിർമാണം 2017 ഒക്ടോബറിലാണ് ആരംഭിച്ചത്. പാലത്തിന്റെ ഉപരിതല ടാറിങ്ങും പെയിന്റിങ്ങുമെല്ലാം പൂർത്തീകരിച്ചു.
കെഎസ്ടിപി പദ്ധതിയിൽപ്പെടുത്തി തലശ്ശേരി-വളവുപാറ അന്തർസംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് കൂട്ടുപുഴ ഉൾപ്പടെ ഏഴ് പാലങ്ങളുടെയും 52 കിലോമീറ്റർ റോഡിന്റെയും നിർമാണം തുടങ്ങിയത്. നാല് തവണയാണ് നിർമാണ കരാർ നീട്ടി നൽകിയത്.
Most Read: കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട് നൽകും








































