കൊച്ചി: കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ സംസ്‌ഥാന സർക്കാരിന് ഇന്ന് റിപ്പോർട് നൽകും. തൊഴിൽ മന്ത്രിയുടെ ഓഫിസിനാണ് റിപ്പോർട് കൈമാറുന്നത്.
കിഴക്കമ്പലത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ കിറ്റക്‌സിന്റെ തൊഴിലാളി ക്യാംപിൽ പരിശോധന നടത്തി റിപ്പോർട് സമർപ്പിക്കാൻ ലേബർ കമ്മീഷണറോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
അതിഥി തൊഴിലാളികളില്‍ നാല് പേരെയാണ് കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടിട്ടുള്ളത്. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്‌റ്റഡിയില്‍ വിട്ടത്. ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ ഇവരെ താമസസ്‌ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു.
പ്രകോപനപരമായി സംഘം ചേര്‍ന്നു, സിഐയെ വധിക്കാന്‍ ശ്രമിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കല്‍ എന്നിങ്ങനെ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഘട്ടം ഘട്ടമായി പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രധാന പ്രതികളെ മാത്രമായിരിക്കും കസ്‌റ്റഡിയില്‍ വാങ്ങുക. 174 പ്രതികളാണ് നിലവില്‍ റിമാന്‍ഡിൽ കഴിയുന്നത്.
Most Read: പുതുവൽസര ആഘോഷം; ഇന്ന് കർശന പരിശോധന നടത്തുമെന്ന് പോലീസ്