അധികാരികൾക്ക് നൽകാൻ കഴിയാത്ത സേവന സന്നദ്ധതയിലൂടെ മാതൃകയായി മാറുകയാണ് ബെംഗളൂരു നഗരത്തിലെ പ്രതാപ് ഭീമസേന റാവു എന്ന യുവാവ്. പ്രിയപ്പെട്ടവരുടെ വിയോഗം സമ്മാനിച്ച വേദന മറ്റാർക്കും ഉണ്ടാവരുത് എന്ന ചിന്തയിൽ ഇറങ്ങിപ്പുറപ്പെട്ട ഈ യുവാവിന്റെ സൽപ്രവർത്തിയെ ഏവരും അഭിനന്ദിക്കുകയാണ്.
റോഡിലെ കുണ്ടും കുഴിയും കുറച്ചൊന്നുമല്ല നമ്മളെ ബുദ്ധിമുട്ടിക്കാറ്. സമയവും ആരോഗ്യവും മാത്രമല്ല പലപ്പോഴും ജീവൻ തന്നെ പലർക്കും നഷ്‌ടമാവാറുണ്ട്. എങ്കിലും റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾക്ക് ഇപ്പോഴും മടിയാണ്. റോഡിലെ കുഴികളിൽ വാഴ നട്ടും മറ്റും പ്രതിഷേധിക്കുകയല്ലാതെ അതിൽ കൂടുതൽ ഇടപെടലുകൾ പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവാറില്ല.
ഇവിടെയാണ് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്‌ഡി നേടിയിട്ടുള്ള പ്രതാപ് ഭീമസേന റാവു വ്യത്യസ്‌തനാകുന്നത്. റോഡുകളിലെ കുഴികളെക്കുറിച്ച് ചിന്തിച്ച് നേരം കളയാതെ അദ്ദേഹം ഒരു പരിഹാരം കണ്ടെത്താൻ തീരുമാനിച്ചു. ഏഴ് വർഷം മുമ്പ് ഉണ്ടായ ചില സംഭവങ്ങളാണ് പ്രതാപിനെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ പ്രേരിപ്പിച്ചത്.
ഏഴ് വർഷം മുമ്പ് പ്രതാപിന്റെ സുഹൃത്തിന്റെ മകൾ ബൈക്ക് യാത്രക്കിടെ റോഡിലെ കുഴിയിൽ വീണു മരിച്ചു. ഇത് അദ്ദേഹത്തെ മാനസികമായി തളർത്തുകയും കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. “അരുന്ധതി എനിക്ക് ഒരു മകളെപ്പോലെ ആയിരുന്നു. വാഹനം ഓടിക്കുന്നതിൽ അവൾ വളരെ ശ്രദ്ധാലുവായിരുന്നു. കൂടാതെ അവൾ ഹെൽമെറ്റ് ധരിച്ചിരുന്നു, എന്നിട്ടും അവൾക്ക് നേരിടേണ്ടി വന്നത് മരണത്തെയാണ്. അരുന്ധതിയുടെ വിടവാങ്ങൽ നൽകിയ ആഘാതത്തിൽ നിന്നും പുറത്തു കടക്കുന്നതിനു മുൻപ് എന്റെ മറ്റൊരു സുഹൃത്ത് റോഡിലെ കുഴിൽ വീണു അപകടമുണ്ടായി,”- പ്രതാപ് വിവരിക്കുന്നു.
ഈ സംഭവങ്ങൾക്കു ശേഷം പ്രതാപ് ഗവേഷണം ആരംഭിച്ചു. നിത്യേന 30ഓളം ജീവനുകൾ റോഡിലെ കുഴികളിൽ വീണു പൊലിയുന്നു എന്ന ഞെട്ടിക്കുന്ന സത്യം അദ്ദേഹം മനസിലാക്കി. എന്ത് കൊണ്ടാണ് അധികാരികൾ ഇതൊന്നും അറിയാത്തത് എന്ന് അദ്ദേഹം ചിന്തിച്ചു. കൂടുതൽ വിവരങ്ങൾക്കായി അദ്ദേഹം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി ബന്ധപ്പെട്ടു. എന്നാൽ നിരാശയായിരുന്നു ഫലം.
തുടർന്ന് റോഡിലെ കുഴികളെക്കുറിച്ച് പൗരൻമാരെ അറിയിക്കാൻ അദ്ദേഹം സ്വന്തമായി ഒരു ആപ്പ് വികസിപ്പിച്ചു. ഇതിലൂടെ റോഡിലെ കുഴികളെക്കുറിച്ച് പൗരൻമാർക്ക് റിപ്പോർട് ചെയ്യാം. ഇങ്ങനെ വിവരം ലഭിച്ചാൽ ആ സ്‌ഥലം സന്ദർശിച്ച് കുഴികളടച്ച് റോഡ് നന്നാക്കും. ഇതിനായി പ്രാദേശിക ഉദ്യോഗസ്‌ഥരുടെ സഹായം തേടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും നടപടിക്രമങ്ങൾ ചുവപ്പു നാടയിൽ കുടുങ്ങി കിടക്കുകയായിരുന്നു.
അതിനാൽ തന്റെ സ്വന്തം രീതിയിൽ ഈ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം തീരുമാനിച്ചു. ഇതിനായി തന്റെ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ആവശ്യമായ സാമഗ്രികൾ ഇറക്കുമതി ചെയ്‌തു. റോഡുകളിലെ കുഴികൾ പരിഹരിക്കാൻ പ്രതാപ് ആരംഭിച്ച ‘പോട്ട്ഹോൾ രാജ’ എന്ന എൻജിഒ ഇതുവരെ 8,300ലധികം കുഴികൾ നികത്തി. അദ്ദേഹത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ചും പിന്തുണ പ്രഖ്യാപിച്ചും നിരവധിപേർ രംഗത്തു വരുന്നുണ്ട്.
Most Read: രണ്ടാഴ്‌ച കോമയിൽ; ഉണർന്നപ്പോൾ ഭാഷ മാറി സംസാരം, അമ്പരന്ന് യുവതി







































