തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്‌തുതകൾ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ കൃത്യമായ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകൾ കൃത്യമാണെന്നും മന്ത്രി പറഞ്ഞു.
കടുത്ത നിയന്ത്രണങ്ങളിലൂടെ സംസ്‌ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം കുറച്ച് കൊണ്ടുവരുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും കോവിഡ് കേസുകളുടെ കാര്യത്തിൽ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ രംഗത്ത് എത്തിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നുമാണ്.
ഈ പശ്‌ചാത്തലത്തിലാണ് ഇരു സംസ്‌ഥാനങ്ങളിലെയും കോവിഡ് സാഹചര്യത്തിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചത്. ഇതിനിടെ രാജ്യത്ത് ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണം 153 ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
Also Read: ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു; അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം