പാലക്കാട്: ഒറ്റപ്പാലം താലൂക്കിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് വിമർശം. നടപ്പിലാക്കണ്ടേ വിവിധ പദ്ധതികളിലും നടപടിക്രമങ്ങളും വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലെന്നാണ് ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം ഉയർന്നത്. ഹൈക്കോടതി ഉത്തരവുകൾ പോലും നടപ്പിലാക്കുന്നില്ലെന്ന് പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
താലൂക്ക് ആശുപത്രിയുടെ ഭൂമി വിട്ടുനൽകുന്ന പ്രശ്‌നം, റവന്യൂ ഓഫിസ് പരിസരത്തെ ശൗചാലയ നിർമാണം, പൊതുമരാമത്ത് റോഡിലെ കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് പ്രതിനിധികൾ ആരോപണം ഉന്നയിച്ചത്. താലൂക്ക് ആശുപത്രിയുടെ 14 സെന്റ് ഭൂമി കൈവശം വെച്ചിരുന്ന സഹകരണ സൊസൈറ്റിയിൽ നിന്ന് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഒരു മാസത്തോളമായിട്ടും ഇത് നടന്നില്ലെന്നാണ് ആരോപണം.
എന്നാൽ, കോടതിയുടെ ഉത്തരവ് റവന്യൂ ഡിവിഷൻ ഓഫിസിലാണെന്നും, റവന്യൂ ഓഫിസ് പരിസരത്തെ ശൗചാലയം നിർമിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് സ്‌ഥലം വിട്ടുകിട്ടാത്തതിനാൽ പദ്ധതി നിർത്തി വെച്ചതാണെന്നുമാണ് ഒറ്റപ്പാലം നഗരസഭാ ഉദ്യോഗസ്‌ഥർ മറുപടി നൽകിയത്. തുടർന്ന് ഇരുവകുപ്പും പരിശോധിച്ചു ശൗചാലയ നിർമാണം പൂർത്തിയാക്കാൻ യോഗം നിർദ്ദേശിക്കുകയായിരുന്നു. പൊതുമരാമത്ത് റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
Most Read: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ ആക്രമിച്ചു; യുവാവ് പിടിയിൽ








































