തിരുവല്ല: ഇത്തവണ മണിപ്പുഴ പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉൽസവകമ്മിറ്റി നയിക്കുന്നത് വനിതകൾ. ഉൽസവക്കമ്മിറ്റിയിലെ പ്രധാന സ്‌ഥാനങ്ങളിലെല്ലാം വനിതകളാണ്. പൊതുവെ ഉൽസവങ്ങളിലും മറ്റ് ആഘോഷങ്ങളിലും സ്‌ത്രീകൾ പലപ്പോഴും കാഴ്‌ചക്കാരുടെ സ്‌ഥാനത്തായിരിക്കും. ഊട്ടുപുരയിലെ പാത്രം കഴുകലും, പൂക്കളൊരുക്കലുമടക്കം പിന്നാമ്പുറ ജോലികളാകും സ്‌ത്രീകളെ ഏൽപ്പിക്കുക.
എന്നാൽ, ഈ രീതിക്ക് തടയിട്ട് ചരിത്രം കുറിച്ചിരിക്കുകയാണ് മണിപ്പുഴ പൊരുന്നനാർക്കാവ് ക്ഷേത്രം കമ്മിറ്റി. ഉൽസവത്തിന്റെ രക്ഷാധികാരിയും പ്രസിഡണ്ടും ജനറൽ കൺവീനറും ജോയന്റ് കൺവീനറുമെല്ലാം സ്‌ത്രീകൾ തന്നെ. അവരെ സഹായിക്കൽ മാത്രമാണ് ഇത്തവണ പുരുഷകേസരികളുടെ പ്രധാന ജോലി.
സഹകരണവകുപ്പ് അസി. ഡയറക്‌ടർ കൂടിയായ ഗീത സുരേഷാണ് കമ്മിറ്റി രക്ഷാധികാരി. നെടുമ്പ്രം പഞ്ചായത്ത് ആശാ വർക്കർ ഉഷ രമേശ് ആണ് പ്രസിഡണ്ട്. അധ്യാപികയായ ജി ജയന്തി (വൈസ്.പ്രസി.), പൊതുപ്രവർത്തക മഞ്ജു പ്രദീപ് (കൺ.), വിവിധ കമ്മിറ്റി കൺവീനർമാരായി അധ്യാപിക രോഹിണി (ഫിനാൻസ്), മുൻ ഗ്രാമപഞ്ചായത്ത് അംഗം രാജശ്രീ ശ്രീകുമാർ (ഫുഡ്), അധ്യാപിക വി നീത (പബ്ളിസിറ്റി), സ്‌മിത (പ്രോഗ്രാം), ശ്രീകല (പൂജ) തുടങ്ങിയവരും ഉണ്ട്. മറ്റ് കമ്മിറ്റിയംഗങ്ങളായും സ്‌ത്രീകളുണ്ട്.
ഉച്ചഭാഷിണി അനുമതി, കലാപരിപാടി ബുക്കിങ്, വീടുകളിൽ നിന്ന് സംഭാവന ശേഖരിക്കാനിറങ്ങുന്നതും ഉച്ചഭാഷിണിക്ക് പോലീസ് അനുമതി എടുത്തതും വഴിപാട്, കലാപരിപാടി തുടങ്ങിയവ ബുക്ക് ചെയ്യുന്നതും എല്ലാം സ്‌ത്രീകളുടെ മേൽനോട്ടത്തിലാണ്.
കമ്മിറ്റിയിലെ പ്രധാന ഭാരവാഹികൾക്ക് ഡ്രൈവിങ് അറിയാം. അതിനാൽ യാത്രയ്‌ക്ക് മറ്റാരെയും ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നില്ല. രണ്ട് സംഘങ്ങളായാണ് പിരിവിനും മറ്റും ഇറങ്ങുന്നത്. വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞ് ഒരുസംഘം ഉച്ചവരെയും അടുത്തസംഘം ഉച്ചകഴിഞ്ഞുമാണ് ഇറങ്ങുക. ഉദ്യോഗസ്‌ഥരായ സ്‌ത്രീകൾ ജോലി കഴിഞ്ഞുവന്ന് ഇവരെ സഹായിക്കും.
സംഘടനയുടെ നൂറാംവാർഷികം പ്രമാണിച്ച് ആർഎസ്എസ് പ്രാദേശിക നേതൃത്വമാണ് ഉൽസവക്കമ്മിറ്റിയുടെ പ്രധാന സ്‌ഥാനങ്ങളിലെല്ലാം സ്‌ത്രീകളെ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചതെന്ന് ദേവസ്വം സെക്രട്ടറി അഡ്വ. എസ് അനിൽ കുമാർ പറഞ്ഞു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്