തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിലെ ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. സെക്രട്ടറിയേറ്റ് ഉൾപ്പടെ വരുന്ന സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ കെ ഗണേഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനാണ് സസ്‌പെൻഡ് ചെയ്‌തത്.
ആമയിഴഞ്ചാൻ തോട്ടിലേക്കുള്ള സ്വകാര്യ സ്‌ഥാപനത്തിന്റെ മാലിന്യനീക്കം തടഞ്ഞില്ലെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. സ്വകാര്യ സ്‌ഥാപനത്തിലെ മാലിന്യ നീക്കം തടഞ്ഞില്ല, സ്‌ഥാപനത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥനെ വിളിപ്പിച്ചെങ്കിലും ഫോണെടുത്തില്ല തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് സസ്‌പെൻഷൻ.
ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്‌ടറായ ഗണേഷിനാണ്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഗണേഷിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയുണ്ടായതായി കണ്ടെത്തുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് നടപടി.
ശുചീകരണ തൊഴിലാളിയായ ജോയി മരിച്ച സംഭവത്തിൽ തിരുവനന്തപുരം കോർപ്പറേഷനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെടുത്തത്. കനാലിൽ മാലിന്യം അടിഞ്ഞുകൂടി കിടന്നതാണ് രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാക്കിയത്. ജോയിയുടെ മരണത്തിന് ശേഷം മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താൻ കർശന നടപടികൾ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു.
Most Read| ഗാസയിൽ പോളിയോ വൈറസ് സാന്നിധ്യം; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന