തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം രാഷ്‌ട്രീയ വിവാദം ഉണ്ടാക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. പറഞ്ഞതെല്ലാം പരമാർഥമാണ്. സത്യം പറഞ്ഞശേഷം ഒളിച്ചിരുന്നില്ല. ഇക്കാര്യങ്ങൾ മേലധികാരികളെയൊക്കെ അറിയിച്ചിട്ടുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട് ചെയ്യുന്നവർ മേലധികാരികളെ അറിയിക്കാതിരിക്കുന്നതിൽ വീഴ്‌ചവരുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ആരും നേരിട്ടെത്തി ഡിപ്പാർട്ട്മെന്റിൽ അന്വേഷണം നടത്തുകയോ ഇക്കാര്യം തിരക്കി വിളിക്കുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗികളോട് കടപ്പാടുണ്ട്. അതുകൊണ്ട് ഭയപ്പെട്ടിട്ട് കാര്യമില്ല. ഇക്കാര്യങ്ങളൊന്നും ആരോഗ്യമന്ത്രി അറിയുന്നുണ്ടാവില്ല.
ആശുപത്രിയുടെ മേലധികാരികൾ മുകളിലേക്ക് അറിയിക്കുന്നതിലെ വീഴ്‌ചയാണ് പ്രശ്‌നം. മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പുകളിലും പ്രശ്‌നങ്ങൾ ഉണ്ട്. വാങ്ങുന്ന ഉപകരണങ്ങൾ തന്നെ ചിലത് ഉപയോഗിക്കാനാവാത്തതാണ്. നിലവിൽ ഓഗസ്‌റ്റ് നാലുവരെ രോഗികൾ വെയ്‌റ്റിങ് ലിസ്‌റ്റിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലേക്ക് പല ഉപകരണങ്ങളും രോഗികൾ തന്നെ വാങ്ങിച്ചുതരുന്നുണ്ട്. ആർഐആർഎസ് എന്ന ഉപകരണം സർക്കാരിനോട് പലതവണ വാങ്ങിച്ചുതരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. രോഗികൾ തന്നെ ഇത് വാങ്ങിച്ചു തരുന്നതുകൊണ്ട് സർജറി മുടങ്ങാതെ പോവുന്നു. അപേക്ഷിച്ചും ഇരന്നുമാണ് ഉപകരണങ്ങൾ വാങ്ങുന്നത്. അത് മടുത്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്‌റ്റിട്ടത്.
കൊച്ചിയിലെ ഒരു കമ്പനിയിൽ നിന്നാണ് ആർഐആർഎസ് വാങ്ങുന്നത്. അവർ അയച്ചുതരുന്നത് പ്രകാരം രോഗികൾ അവരുടെ ഗൂഗിൾ പേയിലേക്ക് പണമടക്കുകയോ അല്ലെങ്കിൽ അവരുടെ ഏജന്റ് വന്ന് പണം വാങ്ങുകയോ ആണ് ചെയുന്നത്. ഉപകരണങ്ങൾക്ക് പലയാളുകൾ പണം നൽകുന്നതും ഏജന്റുമാർ വന്ന് പണം വാങ്ങുന്നതും തങ്ങൾ ഡോക്‌ടർമാരെ സംബന്ധിച്ച് പ്രതിസന്ധിയിലാണ്. ഒരു വിജിലൻസ് അന്വേഷണം വന്നാൽ ഇതൊക്കെ തങ്ങൾക്ക് വലിയ പ്രതിസന്ധി വരുത്തും. തങ്ങൾ കൈക്കൂലി വാങ്ങി എന്നതടക്കം പ്രചരിപ്പിക്കപ്പെടാമെന്നും ഡോക്‌ടർ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് കഴിഞ്ഞദിവസമാണ് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ ഫേസ്‍ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. പാവപ്പെട്ട രോഗികൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന താൻ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ആരോപണം ആരോഗ്യവകുപ്പ് തള്ളിയിരുന്നു. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്‌തമാക്കി ഹാരിസ് ചിറക്കൽ പോസ്‌റ്റുകൾ പിൻവലിച്ചിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!