തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ചികിൽസാ വീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോൾ അനുസരിച്ച് ചികിൽസ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഷീറ്റിൽ അപാകതകളില്ല. ചികിൽസാ വീഴ്ചയില്ലെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാരും മൊഴി നൽകി.
അന്തിമ റിപ്പോർട് നാളെ മന്ത്രിക്ക് സമർപ്പിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗത്തിന് ചികിൽസ തേടിയ കൊല്ലം പൻമന സ്വദേശി വേണു (48) ആണ് കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയത്. മതിയായ ചികിൽസ ലഭിക്കാതെ അഞ്ചാം ദിവസമാണ് വേണു മരിക്കുന്നത്.
ബുധനാഴ്ച രാത്രി ഗുരുതരാവസ്ഥയിൽ ആകുന്നതിന് ഒരുമണിക്കൂർ മുൻപ് സുഹൃത്തും അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥനുമായ അൻവർ സാദത്തിന് വേണു അയച്ച ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചികിൽസാ നിഷേധം പുറംലോകം അറിഞ്ഞത്. ഈമാസം ഒന്നിന് 7.47ന് എത്തിയ വേണുവിനെ മെഡിക്കൽ വാർഡിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ കട്ടിൽ അനുവദിച്ചെങ്കിലും മൂന്നാം ദിവസം കാർഡിയോളജി വാർഡിലേക്ക് മാറ്റിയപ്പോൾ മുതൽ നിലത്ത് കിടക്കുകയായിരുന്നു.
ഇവിടെ മൂന്ന് ദിവസം ഒരു പരിശാധനയും നടത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബുധനാഴ്ച വൈകീട്ട് എക്കോ കാർഡിയോഗ്രാം എടുക്കുന്നതിന് കൊണ്ടുപോകുമ്പോഴാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10.45ന് മരണത്തിന് കീഴടങ്ങി. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു.
ഒരു നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നത്. എല്ലായിടത്തും കൈക്കൂലിയാണ്. എമർജൻസി ആൻജിയോഗ്രാം ചെയ്യാനാണ് ഞാൻ ഇവിടെ വന്നത്. അഞ്ചുദിവസം കഴിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല. എന്നോട് കാണിക്കുന്ന ഉദാസീനത എന്താണെന്ന് മനസിലാക്കുന്നില്ല എന്നും വേണു സന്ദേശത്തിൽ പറഞ്ഞിരുന്നു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































