തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം പ്രശ്‌നം വിവാദമായതിന് പിന്നാലെ, കണ്ണുതുറന്ന് അധികൃതർ. മാലിന്യം പൊതുസ്‌ഥലത്തേക്ക് വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ തിരുവനന്തപുരം കോർപറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും തീരുമാനിച്ചു. തോട്ടിലെ മാലിന്യം നീക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചതിനെ തുടർന്നാണ് ആമയിഴഞ്ചാൻ മാലിന്യ പ്രശ്‌നം പുറത്തുവന്നത്.
ഇനിമുതൽ പ്‌ളാസ്‌റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനയ്‌ക്ക് കൈമാറാത്ത വീടുകൾക്ക് അടിയന്തിരമായി പിഴ നോട്ടീസ് നൽകും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 2024 മാർച്ച് മുതൽ ജൂലൈ 15 വരെ 14.99 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 312 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജൂണിൽ 4.57 ലക്ഷവും ജൂലൈയിൽ 4.97 ലക്ഷവും പിഴ ഈടാക്കി.
വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത് 80 ശതമാനം മാത്രമാണ് പൂർത്തീകരിക്കാൻ കഴിയുന്നത്. ഇത് 100 ശതമാനത്തിൽ എത്തിയാൽ മാത്രമേ നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂ. ഹരിതകർമ സേനയുമായി സഹകരിക്കാത്തവർക്ക് തദ്ദേശ സ്‌ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ നൽകാതിരിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ കേരളാ മുനിസിപ്പാലിറ്റി നിയമപ്രകാരം സ്വീകരിക്കാൻ കഴിയും.
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ കൂടുതലായി വിതരണം ചെയ്യാനും നഗരസഭ ആലോചിക്കുന്നുണ്ട്. ഖര, ദ്രവ മാലിന്യ സംസ്‌കരണ പദ്ധതികൾ സംബന്ധിച്ച് റെയിൽവേ ഉന്നയിച്ച അവകാശവാദങ്ങൾ ശരിയാണോ എന്നുറപ്പിക്കാൻ റെയിൽവേയുടെ സ്‌ഥാപനങ്ങളിൽ പരിശോധന നടത്തും. മാലിന്യസംസ്‌കരണ സംവിധാനം ഇല്ലെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
റെയിൽവേയുടെ വളപ്പിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുക എന്നത് നിയമപരമായി അവരുടെ ഉത്തരവാദിത്തമാണ്. പ്ളാറ്റ്‌ഫോമും ട്രെയിനും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വെള്ളം കനാലുകളിലേക്ക് തുറന്നുവിടാൻ കഴിയില്ലെന്നുമാണ് കോർപറേഷന്റെ വാദം. അതേസമയം, വൃത്തിയാക്കാത്തതിന്റെ ഉത്തരവാദിത്തം നഗരസഭയ്‌ക്കാണെന്നും, സ്‌റ്റേഷനിലെ ഭാഗം വൃത്തിയാക്കേണ്ടത് റെയിൽവേയുമാണെന്നാണ് ഇരു ഭാഗങ്ങളുടെയും വാദം.
Most Read| ദേശീയപാതാ വികസനം; ജിഎസ്‌ടി വിഹിതവും റോയൽറ്റിയും സംസ്‌ഥാനം ഒഴിവാക്കും