കൊൽക്കത്ത: വർഷങ്ങളോളം പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മുന്‍മന്ത്രി സുവേന്ദു അധികാരി തൃണമൂലില്‍ നിന്നും പുറത്തു പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മമതയുടെ പ്രസ്താവന.
“ഞങ്ങള്‍ ജനങ്ങളോടൊപ്പം നില്‍ക്കുകയും അവർക്കു വേണ്ടി പോരാടുകയും ചെയ്യുന്നു. അതാണ് ഞങ്ങള്‍ നല്കുന്ന വാഗ്ദാനം. പാർട്ടിയിൽ വ്യക്തികൾ തമ്മിൽ വലിപ്പച്ചെറുപ്പം ഉണ്ടാകരുത്. 10 വര്‍ഷത്തോളം പാര്‍ട്ടിയില്‍ നിന്ന് ലാഭം നേടി, സര്‍ക്കാരിന്റെ ഭാഗമായി, അതില്‍ നിന്നും ലാഭം കൊയ്ത ശേഷം വഞ്ചന ചെയ്യുന്നവരെ സഹിക്കാന്‍ കഴിയില്ല,”- മമത പറഞ്ഞു.
“നിലവില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 365 ദിവസത്തെ സമയം നല്കുന്നു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് സ്വയം തിരുത്തുക. പഴയ പ്രവർത്തകരും പുതിയ പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ആരാണ് വലുത് ആരാണ് ചെറുത് എന്ന് ചിന്തിച്ച് സമയം പാഴാക്കരുത്. സ്ഥാനത്തിന് അല്ല പാര്‍ട്ടിയില്‍ പ്രാധാന്യം. ഒരു യുദ്ധം ചെയ്യുമ്പോൾ കാണേണ്ട ഒരേയൊരു സ്വപ്നം വിജയമാണ്. ഏതുവിധേനയും ബിജെപിയെ ബംഗാളില്‍ നിന്ന് പുറത്താക്കുക എന്നതാണ് ലക്ഷ്യം,”- മമത കൂട്ടിച്ചേർത്തു.
ബംഗാളില്‍ ഇടഞ്ഞു നില്ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി നവംബര്‍ 27നാണ് മന്ത്രി സ്ഥാനം രാജിവച്ചത്. പശ്ചിമ ബംഗാൾ സർക്കാരിലെ ഗതാഗത-ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. സുവേന്ദു അധികാരി ഈ ആഴ്ച ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
Kerala News: ഇഡിയുടെ നോട്ടീസിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് സിഎം രവീന്ദ്രൻ








































