അബുദാബി: മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർ ഡിസംബർ 31നകം യുഎഇ വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (ഐസിഎ). 2021 ജനുവരി ഒന്ന് മുതൽ പരിശോധന ശക്‌തമാക്കും. പിടിക്കപ്പെട്ടാൽ പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ശിക്ഷ കൂടാതെ നിയമ ലംഘകർക്ക് രാജ്യം വിടാനുള്ള അവസരം ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു.
വിസാ നിയമലംഘകരുടെ സ്‌പോൺസർഷിപ്പിൽ ആശ്രിതർ ഉണ്ടെങ്കിൽ അവർക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. മാർച്ച് ഒന്നിനു മുൻപ് സന്ദർശക, ടൂറിസ്‌റ്റ് വിസകളിൽ യുഎഇയിൽ എത്തുകയും കോവിഡ് മൂലം രാജ്യാന്തര വിമാന സർവീസ് നിർത്തലാക്കിയതോടെ മടങ്ങാൻ കഴിയാതിരുന്നവർക്കും പിഴ കൂടാതെ ഡിസംബർ 31നകം രാജ്യം വിടാം.
അതേസമയം, മാർച്ച് ഒന്നിനു ശേഷം വിസ കാലാവധി കഴിയുകയോ ജോലി നഷ്‌ടപ്പെടുകയോ ചെയ്‌തവർക്ക് പിഴ അടച്ചാലേ രാജ്യം വിടാനാകൂ. തൊഴിൽ വിസ കാലാവധി കഴിഞ്ഞവർക്കു പ്രതിദിനം 25 ദിർഹവും എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് 20 ദിർഹമുമാണ് പിഴ. ഇത് കൂടാതെ 250 ദിർഹം കൂടി നൽകണം. ടൂറിസ്‌റ്റ് വിസ കാലാവധി അവസാനിച്ചവർ ആദ്യദിനം 200 ദിർഹവും പിന്നീടുള്ള ദിവസത്തിന് 100 ദിർഹം വീതവുമാണു പിഴ നൽകേണ്ടത്.
അതുപോലെ നിക്ഷേപകരോ ഏതെങ്കിലും സ്‌ഥാപനത്തിന്റെ ബിസിനസ് പങ്കാളികളോ ആണെങ്കിൽ നിയമപരമായ നടപടികളും കേസുകളും പൂർത്തിയാക്കിയതിന് ശേഷമേ യുഎഇ വിടാൻ കഴിയുകയുള്ളൂ.
Also Read: ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം; യുഎൻ സുരക്ഷാ സമിതിയിലെ സ്‌ഥിരാംഗങ്ങളെ പിന്തള്ളി സൗദി ഒന്നാമത്