തൃശൂർ: തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനുള്ള കെസി ജോസഫ് ഉപസമിതി മറ്റന്നാൾ തൃശൂരിലെത്തുമെന്ന് ഡിസിസി അധ്യക്ഷൻ വികെ ശ്രീകണ്‌ഠൻ. തൃശൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
18ന് രാവിലെ മുതിർന്ന നേതാക്കളുമായി പ്രശ്‌നം ചർച്ച ചെയ്യുമെന്ന് വികെ ശ്രീകണ്‌ഠൻ പറഞ്ഞു. ഉച്ചകഴിഞ്ഞു ഭാരവാഹികളുടെ പരാതി കേൾക്കും. പ്രവർത്തകർക്ക് പരാതി നേരിട്ട് നൽകാം. വരുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്‌ജമാക്കാനുള്ള ചുമതലയാണ് തനിക്കുള്ളതെന്നും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉണർവ് പ്രവർത്തിക്കാൻ നേതാക്കൾ ശ്രമിക്കണമെന്നും വികെ ശ്രീകണ്‌ഠൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പരസ്‌പരം ചെളിവാരിയെറിഞ്ഞുള്ള നേതാക്കളുടെയും അണികളുടെയും പരസ്യപ്രതികരണങ്ങൾക്കും ഡിസിസി മതിലിൽ പോസ്‌റ്റർ ഒട്ടിക്കുന്നതിനും വിലക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് ഒ അബ്‌ദുറഹ്‌മാനും അനിൽ അക്കരയും ഉൾപ്പെടുന്ന ഉപസമിതിയെ ചുമതലപ്പെടുത്തിയതായും വികെ ശ്രീകണ്‌ഠൻ അറിയിച്ചു.
കെ മുരളീധരൻ പരാതിക്കാരനാവുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നിലാണ് എത്തേണ്ടത്. സുരേഷ് ഗോപി കരുണാകരന്റെ കുടുംബവുമായി അടുപ്പമുള്ളയാളാണ്. സ്‌മൃതി കുടീരത്തിൽ പോയി പ്രാർഥിക്കുന്നതിലോ തെറ്റ് ഏറ്റുപറയുന്നതിലോ തെറ്റില്ല. രാഷ്‌ട്രീയത്തിന് അതീതമായി കരുണാകരൻ ചെയ്‌ത പ്രവൃത്തികളാണ് കെ കരുണാകരനെ കേരളത്തിന്റെ പിതാവായി പ്രതിഷ്‌ഠിക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചതെന്നും വികെ ശ്രീകണ്‌ഠൻ പറഞ്ഞു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ