തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ നടപടി എടുത്ത് കോൺഗ്രസ് നേതൃത്വം. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനെയും യുഡിഎഫ് കൺവീനർ എംപി വിൻസെന്റിനെയും ചുമതലകളിൽ നിന്നും നീക്കും. ഇരുവരോടും രാജിവെക്കാൻ കെപിസിസി നിർദ്ദേശം നൽകി. പകരം പാലക്കാട് എംപി വികെ ശ്രീകണ്‌ഠന് ഡിസിസിയുടെ ചുമതല നൽകാനാണ് തീരുമാനം.
തൃശൂരിലെ സംഘടനക്കുള്ളിൽ പ്രതിസന്ധി രൂക്ഷമായതോടെയാണ് നടപടി. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയെ കുറിച്ച് അന്വേഷിക്കാൻ എഐസിസി നിർദ്ദേശ പ്രകാരം കെപിസിസി നാലംഗ സമിതിയെ രൂപീകരിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ പിരിച്ചുവിടുന്നതും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ജോസ് വള്ളൂരിനെയും എംപി വിൻസെന്റിനെയും ഡെൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ ഇരുവരുമായി ചർച്ച നടത്തി. തൃശൂരിലെ പ്രചാരണത്തിൽ എവിടെയെല്ലാം വീഴ്‌ച സംഭവിച്ചുവെന്ന് ഇരുവരോടും ആരാഞ്ഞു. എന്നാൽ, ഇവരുടെ വിശദീകരണം നേതൃത്വത്തിന് തൃപ്‌തികരമായിരുന്നില്ല. തുടർന്നാണ് രാജി ആവശ്യപ്പെട്ടത്.
സംഘർഷത്തിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തിരുന്നു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് തൃശൂർ ഈസ്‌റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ പരാജയം ചർച്ച ചെയ്യാനായി ചേർന്ന യോഗമാണ് കഴിഞ്ഞ ദിവസം കൂട്ടത്തല്ലിൽ കലാശിച്ചത്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറക്ക് മർദ്ദനമേറ്റതാണ് തുടക്കം.
കെ മുരളീധരന്റെ വിശ്വസ്‌തൻ കൂടിയാണ് സജീവൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 40 ദിവസത്തോളം സജീവമായി മുരളിക്കൊപ്പം ഉണ്ടായിരുന്നയാളും കൂടിയാണ്. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും അനുകൂലികളും ചേർന്നാണ് മർദ്ദിച്ചതെന്ന് ആരോപിച്ച് സജീവൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. സജീവനെ മർദ്ദിച്ചത് ചോദ്യം ചെയ്‌ത് കൂടുതൽ പ്രവർത്തകർ എത്തിയതോടെ രംഗം വഷളായി.
ഇതോടെ ചേരിതിരിഞ്ഞ് പ്രവർത്തകർ പോർവിളിയും കയ്യാങ്കളിയുമായി. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് തൃശൂർ ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുങ്ങിയത്. എന്നാൽ, തോൽവി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയമിക്കേണ്ടതില്ലെന്നും അത് കൂടുതൽ സംഘടനാ പ്രതിസന്ധിയിലേക്ക് പോകുമെന്നുമാണ് കെ മുരളീധരന്റെ നിലപാട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!