തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് തൃശൂർ ഈസ്‌റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ പരാജയം ചർച്ച ചെയ്യാനായി ചേർന്ന യോഗമാണ് കഴിഞ്ഞ ദിവസം കൂട്ടത്തല്ലിൽ കലാശിച്ചത്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറക്ക് മർദ്ദനമേറ്റതാണ് തുടക്കം. കെ മുരളീധരന്റെ വിശ്വസ്‌തൻ കൂടിയാണ് സജീവൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 40 ദിവസത്തോളം സജീവമായി മുരളിക്കൊപ്പം ഉണ്ടായിരുന്നയാളും കൂടിയാണ്.
ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും അനുകൂലികളും ചേർന്നാണ് മർദ്ദിച്ചതെന്ന് ആരോപിച്ച് സജീവൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. സജീവനെ മർദ്ദിച്ചത് ചോദ്യം ചെയ്‌ത് കൂടുതൽ പ്രവർത്തകർ എത്തിയതോടെ രംഗം വഷളായി. ഇതോടെ ചേരിതിരിഞ്ഞ് പ്രവർത്തകർ പോർവിളിയും കയ്യാങ്കളിയുമായി. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് തൃശൂർ ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്.
അതേസമയം, ഡിസിസി ഓഫീസിലെ സംഘർഷത്തിൽ കോൺഗ്രസിൽ അടിയന്തിര നടപടിക്കാണ് സാധ്യത. തൃശൂരിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്‌ഥാനത്തെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബെഹനാന്റെ പേരിനാണ് പ്രാഥമിക പരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ മുരളീധരൻ പക്ഷക്കാരും ജോസ് വെള്ളൂർ പക്ഷക്കാരുമായുള്ള തർക്കം അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കുമെന്നാണ് സൂചന. അതേസമയം, തൃശൂരിലെ തോൽവിയിൽ കെ മുരളീധരനും പങ്കുണ്ടെന്ന നിഗമനത്തിലാണ് സംസ്‌ഥാന നേതൃത്വം. സ്‌ഥാനാർഥിയെന്ന നിലയിൽ മുരളീധരന്റെ ഭാഗത്തും ചില വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മുരളീധരനെ കാലുവാരി തോൽപ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ