തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്‌ഹാന (35), മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ ശ്‌മശാനം കടവിലായിരുന്നു അപകടം.
റെയ്‌ഹാനയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു മൂന്നു പേരുടെയും മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയതെന്നാണ് വിവരം. കുട്ടികളിൽ ഒരാൾ പുഴയിൽ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ എല്ലാവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
പുഴയിൽ ധാരാളം കുഴികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ തീരത്ത് ഉണ്ടായിരുന്നില്ല. ഇവർ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും നാട്ടുകാർ പറയുന്നു. വടക്കാഞ്ചേരി, ഷൊർണൂർ അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. ചെറുതുരുത്തി പോലീസും സ്‌ഥലത്തെത്തിയിരുന്നു. ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.
Most Read| മുല്ലപ്പെരിയാർ സുരക്ഷ; പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ