തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. ഒരാഴ്‌ചക്കകം നൽകേണ്ട റിപ്പോർട്ടാണ് അഞ്ചുമാസത്തിന് ശേഷം കൈമാറിയത്. റിപ്പോർട് ചൊവ്വാഴ്‌ചക്കകം സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് നാലു പരാതികൾ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നു. ഇത് പിന്നീട് ഡിജിപിക്ക് കൈമാറി. പാരാതിയിൻമേൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ എഡിജിപി എംആർ അജിത് കുമാറിന് ഡിജിപി നിർദ്ദേശം നൽകുകയായിരുന്നു. ഈ റിപ്പോർട്ടാണ് ഇന്ന് ഡിജിപിക്ക് കൈമാറിയത്. അജിത് കുമാർ തൃശൂരിൽ ഉള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്.
തൃശൂർ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂർ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്‌ഥലം മാറ്റി. പൂർണ ഉത്തരവാദിത്തം കമ്മീഷണറിൽ മാത്രം ഒതുക്കിയോ എന്ന കാര്യം റിപ്പോർട് പുറത്തുവന്നാൽ മാത്രമേ അറിയൂ. അതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയിൽ പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
പോലീസ് ആസ്‌ഥാനത്തെ സ്‌റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്‌പിയുമായ എംഎസ് സന്തോഷിനെതിരെ ആയിരുന്നു നടപടി. തൃശൂർ പൂരം അലങ്കോലപ്പെടുത്തുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതിൽ അന്വേഷണം നടക്കുന്നില്ല എന്നായിരുന്നു മറുപടി. എന്നാൽ, ഈ അവസരത്തിൽ എഡിജിപി തലത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവെച്ചതിനായിരുന്നു നടപടി.
Most Read| ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്‌ഞ ചെയ്‌തു