മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് യുവതി അൽഭുതകരമായി രക്ഷപെട്ടു. കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്‌റ്റേറ്റിലാണ് ഇതരസംസ്‌ഥാന തൊഴിലാളിയായ പുഷ്‌പലതക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. അതേസമയം, ഓടി രക്ഷപെടുന്നതിനിടെ യുവതി വീണ് കാലിന് പരിക്കേറ്റിട്ടുണ്ട്.
എസ്‌റ്റേറ്റിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുന്നതിനിടെ കടുവ തനിക്കെ നേരെ ചാടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പാന്ദ്രയിലെ കേരള എസ്‌റ്റേറ്റ് എ ഡിവിഷനിൽ വനാതിർത്തിയോട് ചേർന്ന് കാടുവെട്ടുന്ന ജോലിക്കിടെയാണ് പുഷ്‌പലതക്ക് നേരെ കടുവ ചാടി വീണത്. യുവതിയുടെ ഭർത്താവും മറ്റൊരു തൊഴിലാളിയും കൂടെ ഉണ്ടായിരുന്നു.
ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് ഓടുന്നതിനിടെ വീണ് കാലിന് പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുവാരക്കുണ്ട് വനാതിർത്തിയിൽ രണ്ട് മാസമായി കടുവാ ഭീതി നിലനിൽക്കുന്നുണ്ട്. നിരവധി വളർത്തു മൃഗങ്ങളെ കൊന്നുതിന്നിരുന്നു. മേഖലയിൽ കെണി സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല.
Most Read: കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക്; ദത്ത് കേസ് ഇന്ന് പരിഗണിക്കും







































