കൽപ്പറ്റ: ഒരു മാസത്തിന് ശേഷം വയനാട്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. ഇന്ന് രാവിലെയാണ് ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ കുഴിയിൽ വീണ നിലയിൽ കടുവാ കുഞ്ഞിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി മയക്കുവെടിവെച്ചു കടുവയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതോടെ വയനാട്ടിൽ ഏത് സമയത്തും എവിടെയും കടുവ പ്രത്യേക്ഷപ്പെടുന്ന അവസ്ഥയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിലവിൽ വനംവകുപ്പിന്റെ മൂന്നംഗ സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ ഇക്കാര്യം ഉന്നയിക്കുന്നത്. 2018 ൽ ആയിരുന്നു അവസാന സെൻസസ് നടന്നത്. 2022ലെ സെൻസസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ കണക്കെടുപ്പിൽ വയനാട് വന്യജീവി സങ്കേതത്തിൽ 120 കടുവകൾ ഉണ്ടെന്നായിരുന്നു കണക്ക്. 2014ൽ അത് 82 ആയിരുന്നു. ഇത്തവണയും കടുവകളുടെ എണ്ണം കൂടിയേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മന്ദംകൊല്ലിയിൽ ഇനിയും കടുവകൾ ഉണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള കുഴിയിൽ ആറുമാസം പ്രായമായ പെൺകടുവ അകപ്പെട്ടത്. കുഞ്ഞായതിനാൽ തള്ളക്കടുവ കൂടി പ്രദേശത്ത് ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെയും നിഗമനം. വേനൽ കനത്തതോടെ കർണാടകയിലെ വനമേഖലയിൽ നിന്ന് വയനാട് വന്യജീവി സങ്കേതത്തിലേക്ക് കടുവകൾ കൂട്ടത്തോടെ എത്തുന്ന സമയമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി




































