മലപ്പുറം: കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. യുവതിയെ തുവ്വൂരിലെ സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പീഡിപ്പിക്കപ്പെട്ട യുവതിയുടെ മൊഴി സംരക്ഷണ കേന്ദ്രത്തിൽ എത്തി പോലീസ് വീണ്ടും രേഖപ്പെടുത്തി. അതേസമയം, കേസിൽ പോലീസിനെ വിവരം അറിയിച്ചവർക്കും സാക്ഷി പറഞ്ഞവർക്കുമെതിരെ പ്രതിയുടെ ഭീഷണിയുണ്ടെന്ന പരാതി പോലീസ് തള്ളി.
കേസിൽ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു. കിടപ്പിലായ അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളെയാണ് പ്രതിയായ ഷിഹാബ് ക്രൂരമായി പീഡിപ്പിച്ചത്. വാടകവീട്ടിലാണ് യുവതിയും അമ്മയും കഴിഞ്ഞിരുന്നത്. അർധരാത്രി വാടക ക്വാർട്ടേഴ്‌സിന്റെ കതക് ചവിട്ടി തുറന്നാണ് പ്രതി അകത്തുകയറിയത്. തുടർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഷിഹാബിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്നാണ് പോലീസെത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇതേ യുവതിയെ മൂന്ന് മാസം മുൻപും പ്രതി പീഡിപ്പിച്ചിരുന്നു. എന്നാൽ, ഭയം മൂലം പുറത്ത് പറഞ്ഞിരുന്നില്ല. ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനാണ് ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.
Most Read: ‘യുദ്ധം നിർത്താൻ പുടിനോട് നിർദ്ദേശിക്കാൻ ഞങ്ങൾക്ക് കഴിയുമോ’; ചീഫ് ജസ്‌റ്റിസ്






































