കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് ജില്ലാ ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ചു ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ അവധി ദിനങ്ങളിലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഭാരമേറിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അവധി ദിനങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് മണിവരെ ചരക്ക് വാഹനങ്ങൾ അനുവദിക്കില്ല. ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പർ ലോറികൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം. ചുരത്തിൽ വാഹനങ്ങളുടെ പാർക്കിങ്ങിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
നേരത്തെയും പലതവണ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോൾ ഭാരമേറിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടിത് നടപ്പായില്ല. ഇന്ന് രാവിലെയും ചുരത്തിലെ എട്ടാം വളവിൽ ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് രണ്ടു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു അപകടമുണ്ടായത്. ഇതേത്തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’