റാന്നി: വയോധികയുടെ സംസ്‌കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ വാതകത്തിൽ നിന്ന് തീ പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു. പുതമൺ പുത്തൻപുരയ്‌ക്കൽ ജിജോ (39), തോട്ടമൺ മേപ്രത്ത് രാജേഷ് (37), സുഹൃത്ത് പ്രദീപ് എന്നിവർക്കാണ് പൊള്ളലേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കൽ ശ്‌മശാനത്തിൽ ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്‌കാരത്തിനിടെയാണ് അപകടമുണ്ടായത്. ജാനകിയമ്മയുടെ കൊച്ചു മക്കളാണ് പൊള്ളലേറ്റ ജിജോയും രാജേഷും. മൃതദേഹം ചൂളയിൽ വെച്ച ശേഷം അഗ്‌നി പകരുന്നതിന് ജിജോ കർപ്പൂരം കത്തിച്ച് വയ്‌ക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.
ജിജോയ്‌ക്കാണ് സാരമായ പൊള്ളലേറ്റത്. വാതകം തുറന്ന് വിട്ടിരുന്നത് ഇവർ അറിഞ്ഞിരുന്നില്ല. ശ്‌മശാനത്തിലെ ജോലിക്ക് പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ളവർ മദ്യപിച്ചിരുന്നതായി ചടങ്ങിൽ പങ്കെടുത്തവർ പറയുന്നു. അശ്രദ്ധയോടെ അവർ വാതകം തുറന്ന് വിട്ടതാണ് വിനയായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
Most Read| ഏറ്റവും മികച്ച കരാർ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങും; നിലപാട് വ്യക്‌തമാക്കി ഇന്ത്യ