കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചു. ഇന്ന് പുലർച്ചെയാണ് പ്രതിയെ കോഴിക്കോട് മാലൂർക്കുന്ന് പോലീസ് ക്യാംപിൽ എത്തിച്ചത്. ഇവിടെ വെച്ച് ഷാറൂഖ് സെയ്ഫിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. എഡിജിപി എംആർ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാംപിലെത്തിയിട്ടുണ്ട്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണയും പോലീസ് ക്യാംപിലുണ്ട്.
അതേസമയം, ഷാരൂഖിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കേരളത്തിലേക്ക് എത്തിച്ച പ്രതിക്കൊപ്പം മൂന്ന് പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയുമായി കേരളത്തിൽ എത്തിയ ശേഷം സംഭവിച്ച കാര്യങ്ങൾ നാടകീയമായിരുന്നു. പുലർച്ചെ 3.35ന് കണ്ണൂർ മേലൂരിന് സമീപം എത്തിയപ്പോൾ പ്രതിയുമായി എത്തിയ വാഹനം കേടായി.
4.40ന് പ്രതിയെ മറ്റൊരു വാഹനത്തിൽ മാറ്റിക്കയറ്റി. 4.40ന് പ്രതിയെ കോഴിക്കോടേക്ക് കൊണ്ടുപോയി. 6.10ന് മാലൂർക്കുന്ന് പോലീസ് ക്യാംപിലെത്തിച്ചു. ഡെൽഹി സ്വദേശിയായ ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് ആണ് ബുധനാഴ്ച പുലർച്ചെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതി വലയിലായതെന്നും രത്നഗിരി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും മഹാരാഷ്ട്ര എടിഎസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
Most Read: രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ല; സുപ്രീം കോടതി