രാഷ്‌ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ല; സുപ്രീം കോടതി

കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരൂപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജി തള്ളികൊണ്ടാണ് കോടതി നിർദ്ദേശം.

By Trainee Reporter, Malabar News
supreme court
Ajwa Travels

ന്യൂഡെൽഹി: രാഷ്‌ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് സുപ്രീം കോടതി. കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരൂപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജി തള്ളികൊണ്ടാണ് കോടതി നിർദ്ദേശം. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നുവെന്ന് ആരോപിച്ചായിരുന്നു 14 പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ ഹരജി നൽകിയത്.

ഇപ്പോൾ ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഭൂരിപക്ഷത്തിലും പ്രതിപക്ഷ നേതാക്കളാണ് പ്രതികൾ. സേർച്ച്, അറസ്‌റ്റ്, റിമാൻഡ് തുടങ്ങിവയ്‌ക്ക് കോടതി ഇടപെട്ട് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ഹരജിയിൽ ആരോപിച്ചിരുന്നു. കോൺഗ്രസ്, സിപിഎം, ഡിഎംകെ, രാഷ്‌ട്രീയ ജനതാദൾ, ഭാരതീയ രാഷ്‌ട്രീയ സമിതി, തൃണമൂൽ കോൺഗ്രസ് തുടങ്ങി 14 പ്രതിപക്ഷ പാർട്ടികളാണ് ഹരജി സമർപ്പിച്ചിരുന്നത്.

സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾക്ക് എതിരെയുള്ള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നുവെന്നായിരുന്നു ഹരജിയിലെ പ്രധാന വിമർശനം. ഏജൻസികൾ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെ ഉള്ളതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഹരജിയിൽ സംശയം പ്രകടിപ്പിച്ച ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അന്വേഷണത്തിൽ നിന്നും പ്രതിപക്ഷ നേതാക്കൾ ഒഴുവുകഴിവുകൾ തേടുകയാണോയെന്ന് ചോദിച്ചു.

പൗരൻമാർ എന്ന നിലയിൽ അവർക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങൾ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സമർപ്പിച്ച ഹരജി കോടതി പിൻവലിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിഗ്‌വിയാണ് പ്രതിപക്ഷത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതിപക്ഷ നേതാക്കൾക്ക് സംരക്ഷണമോ ഇളവുകളോ ആവശ്യപ്പെടുന്നില്ലെന്ന് സിഗ്‌വി കോടതിയെ അറിയിച്ചു.

പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും നേതാക്കളുടെ മനോവീര്യം തകർക്കാനും സർക്കാർ അന്വേഷണ ഏജൻസികളെ ദുരൂപയോഗം ചെയ്യുകയാണ്. ഇത് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സിഗ്‌വി കോടതിയിൽ പറഞ്ഞു. രാജ്യത്ത് സിബിഐ, ഇഡി രജിസ്‌റ്റർ ചെയ്‌ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെയാണ്. മുൻകാലം താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇഡി രജിസ്‌റ്റർ ചെയ്‌തത്‌ ആറ് മടങ്ങ് കൂടുതൽ കേസുകളാണ്.

ഇത് രാഷ്‌ട്രീയ പകപോക്കലിന്റേയും പക്ഷപാതത്തിന്റെയും വ്യക്‌തമായ സൂചന ആണെന്നും സിഗ്‌വി ആരോപിച്ചു. കൃത്യമായ തെളിവുകളോ ന്യായീകരണങ്ങളോ ഇല്ലാതെയാണ് പ്രതിപക്ഷ നേതാക്കൾ പലരും അറസ്‌റ്റിലാകുന്നത്. ഇത്തരം നീക്കം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ചുമതലകൾ നിർവഹിക്കുന്നതിന് തടസമാകുന്നുവെന്നും സിഗ്‌വി ആരോപിച്ചു. എന്നാൽ, നേതാക്കൾ പ്രതികളായ കേസുകളിൽ അറസ്‌റ്റ് പാടില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ ഇടം ചുരുങ്ങിയെങ്കിൽ പരിഹാരം കാണേണ്ടത് കോടതിയല്ല. ജനങ്ങൾക്കില്ലാത്ത നിയമപരിരക്ഷ രാഷ്‌ട്രീയ നേതാക്കൾക്ക് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിക്ക് മുന്നിൽ വ്യക്‌തിഗത കേസുകൾ കൊണ്ടുവരുന്നതാണ് ഏറ്റവും ഉചിതമെന്നും ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം ഹരജി പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

Most Read: എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതി കുറ്റം സമ്മതിച്ചു- കേരള പോലീസിന് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE