കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ ആണെന്ന വാർത്ത തള്ളി എടിഎസ് (ആന്റി ടെററിസം സ്ക്വാഡ്) ഐജി പി വിജയൻ. ആക്രമണ കേസിൽ കസ്റ്റഡിയിൽ ആരുമില്ലെന്ന് ഐജി വ്യക്തമാക്കി. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നോയിഡ സ്വദേശിയായ ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതിയെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ട്രാക്കിൽ ഉപേക്ഷിച്ച ബാഗിൽ രേഖകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നിഗമനത്തിൽ എത്തിയത്. പ്രതിക്ക് ഏകദേശം 30 വയസ് പ്രായം തോന്നിക്കും. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്.
കോഴിക്കോടാണ് പ്രതി താമസിച്ചിരുന്നത്. കെട്ടിട നിർമാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. അതേസമയം, ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ സിം ഉണ്ടായിരുന്നില്ല. ഫോൺ അവസാനമായി ഉപയോഗിച്ചത് മാർച്ച് 30ന് ആണെന്നും കോൾ വിവരങ്ങൾ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിന്റെ കോച്ചുകളിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്.
Most Read: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം; ആരോഗ്യമന്ത്രി