തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകി ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. സീബ്രാ ക്രോസിങ്ങിൽ ആളുകൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം നിർത്താത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് കമ്മീഷണർ നിർദ്ദേശം നൽകി.
എംവി നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും. സീബ്രാ ക്രോസിങ്ങിലും ഫുട്പാത്തിലും വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും സമാനമായ നടപടിയുണ്ടാകും. പല സ്ഥലങ്ങളിലും സീബ്രാ ക്രോസിങ്ങുകൾ വഴി ആളുകൾ റോഡ് മറികടക്കാൻ ശ്രമിക്കുമ്പോൾ ഡ്രൈവർമാർ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കാൻ തയ്യാറാകാത്തത് നിരവധി അപകടങ്ങൾക്ക് വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി.
നിയമപ്രകാരം സീബ്രാ ക്രോസിങ്ങിന്റെ ഒരുഭാഗത്ത് റോഡ് മറികടക്കാൻ ആളുകൾ നിൽക്കുന്നത് കണ്ടാൽ സ്പീഡ് കുറച്ച് കുറഞ്ഞത് മൂന്ന് മീറ്റർ അകലെയെങ്കിലും വാഹനം നിർത്തണം. എന്നാൽ, പലരും സ്പീഡ് കൂട്ടുകയാണ് ചെയ്യുന്നത്. ഇതുമൂലം കാൽനട യാത്രക്കാർ ആശയക്കുഴപ്പത്തിലാവുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.
നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു. ഈവർഷം ഇതുവരെ 800 കാൽനട യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ പകുതിയും മുതിർന്ന പൗരൻമാരാണ്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!






































