തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിന് ഒരുങ്ങിയ പശ്‌ചാത്തലത്തിൽ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. സമരം ചെയ്‌താൽ പൈസ വരുമോയെന്ന് മന്ത്രി ചോദിച്ചു. കെഎസ്ആർടിസി ശമ്പള വിതരണത്തിന് സർക്കാർ സഹായം തേടിയിട്ടുണ്ടെന്നും ധനവകുപ്പിന്റെ ക്ളിയറൻസ് കിട്ടിയാൽ ഉടൻ ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ ഈ മാസം പ്രത്യേക പ്രതിസന്ധിയാണുള്ളത്. ശമ്പള പരിഷ്‌കരണം നടന്നതോടെ ഒരു മാസം അധികമായി 40 കോടിയോളം രൂപ സ്വരൂപിക്കേണ്ട നിലയാണെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേർത്തു. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ ആണ് സമരത്തിനൊരുങ്ങുന്നത്. ഈ മാസം 28ആം തീയതി മുതൽ സമരം നടത്താനാണ് തീരുമാനം.
ശമ്പളവിതരണം തടസപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. നാളെ മുതല്‍ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും അനിശ്‌ചിതകാല റിലേ നിരാഹാര സമരവും ആരംഭിക്കും. ഏപ്രില്‍ 19ന് ചീഫ് ഓഫീസ് ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിഷുവിന് മുൻപ് ശമ്പളം ലഭിച്ചില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും സിഐടിയു നേതാക്കൾ അറിയിച്ചിട്ടുണ്ട്.
Most Read: കെഎസ്ഇബി ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് അസോസിയേഷൻ







































