കോഴിക്കോട്: സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ രോഗ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കി വിദഗ്ധ സംഘം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ സംഘവും, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇപ്പോൾ വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കിയത്. ഇതിനായി ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വലവിരിച്ചിരിക്കുന്നത്.
അതേസമയം നിപ ബാധിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ ആളുകൾ നെഗറ്റീവ് ആകുന്നത് സംസ്ഥാനത്ത് വലിയ ആശ്വാസം പകരുന്നുണ്ട്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 88 പേരുടെ ഫലമാണ് നെഗറ്റീവ് ആയത്.
കൂടാതെ രോഗബാധ ഉണ്ടായ ചാത്തമംഗലം പ്രദേശത്ത് വീടുകളിൽ തോറും കയറിയിറങ്ങി നടത്തിയ സർവേയിൽ ഇതുവരെ അസ്വാഭാവിക മരണങ്ങൾ റിപ്പോർട് ചെയ്യാത്തതും വലിയ ആശ്വാസമാണ് പകരുന്നത്. എങ്കിലും ഈ പ്രദേശങ്ങളിൽ നിലവിൽ കർശന ജാഗ്രത തുടരുകയാണ്.
Read also: നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്