കാസർഗോഡ്: ഫ്ളാറ്റിലെ അഞ്ചാം നിലയിൽ കുടുങ്ങിയ രണ്ടര വയസുകാരനെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കാസർഗോട് ജില്ലയിലെ വിദ്യാനഗറിലെ ഫ്ളാറ്റിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ മുറിക്കുള്ളിലാണ് കുട്ടി കുടുങ്ങിയത്. ഇന്നലെ മുറിക്കുള്ളിൽ കടന്ന കുട്ടി ഉള്ളിൽ നിന്ന് വാതിലിന്റെ താഴ് അമർത്തുകയായിരുന്നു. പിന്നീട് വാതിലിന്റെ ഇരട്ടത്താഴ് വീണാണ് കുട്ടി മുറിക്കുള്ളിൽ കുടുങ്ങിയത്.
വീട്ടുകാർ വാതിൽ പുറത്ത് നിന്ന് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയിലേക്കുള്ള പ്രധാന വാതിലായിരുന്നു അടഞ്ഞത്. തുടർന്ന് മുറിക്കുള്ളിൽ നിന്ന് കുഞ്ഞിന്റെ ശബ്‌ദം കേൾക്കാതായതോടെ കാസർഗോഡ് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തി ആറാം നിലയിൽ നിന്ന് കുട്ടിയിരിക്കുന്ന മുറിയുടെ നേരെ മുകളിലുള്ള മുറിയുടെ ബാൽക്കണിയിലൂടെ കയർ വഴി തൂങ്ങിയിറങ്ങിയാണ് ഫയർമാനായ എം ഉമ്മർ കുട്ടിയെ രക്ഷിച്ചത്.
ബാൽക്കണിയിൽ നിന്ന് മുറിയിലേക്കുള്ള വാതിൽ തുറന്നിരുന്നതിനാൽ ഉമ്മറിന് കുട്ടിക്കരികിലേക്ക് എളുപ്പം എത്താനായി. മുറിക്കുള്ളിൽ കുട്ടി കരഞ്ഞുതളർന്ന് ഉറങ്ങിപോയിരുന്നു. സഹോദരിയുടെ ഫ്ളാറ്റിൽ ഓണം ആഘോഷിക്കാൻ വിരുന്നെത്തിയപ്പോഴായിരുന്നു സംഭവം. പിവി പ്രകാശ് കുമാർ, കെബി ജോസ്, പ്രവീൺ കുമാർ, വി ഗോപാലകൃഷ്‌ണൻ , ഡിഎൽ നിഷാന്ത്, കെ ഗോപാലകൃഷ്‌ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Read Also: സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ; പിടിച്ചുപറി സംഘം പിടിയിൽ







































