തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കൽ വിവാദത്തിൽ മന്ത്രിമാരുടെ വാദം തള്ളി ഇ-ഫയൽ. മരംമുറിയിൽ ഫയൽ നീക്കം അഞ്ച് മാസം മുൻപേ തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ വ്യക്‌തമാക്കുന്നു. മെയ് 23നാണ് ഫയൽ നീക്കം ആരംഭിച്ചത്. മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുമ്പോഴാണ് ഫയലുകളിൽ ചർച്ച നടന്നിട്ടുണ്ടെന്ന രേഖകൾ പുറത്തുവരുന്നത്.
നവംബര്‍ ഒന്നിന് മരംമുറിക്ക് അനുമതി നല്‍കുന്ന യോഗം ചേര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഇതിന് മിനുട്ട്‌സ് ഇല്ലെന്നുമാണ് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. എന്നാല്‍ ജലവിഭവ വകുപ്പില്‍ നിന്ന് മരംമുറിക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നെന്ന് രേഖകള്‍ തെളിയിക്കുന്നു. മെയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരുന്നു. വനംവകുപ്പില്‍ നിന്നാണ് ഫയല്‍ എത്തുന്നത്. പിന്നീട് നിരവധി തവണ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ബേബി ഡാമിലെ 23 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഫയല്‍ ജലവിഭവ വകുപ്പിലേക്ക് എത്തിയത്. ഇതുനുശേഷം ടികെ ജോസിന്റെ നേതൃത്വത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നു. സെപ്റ്റംബര്‍ 15ന് ടികെ ജോസിന്റെയും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെയും നേതൃത്വത്തിലും യോഗം ചേര്‍ന്നു.
ഒക്‌ടോബർ 17ന് അന്തര്‍സംസ്‌ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗവും നടന്നു. ഈ യോഗങ്ങളുടെ അടിസ്‌ഥാനത്തിലാണ് വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി 15 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ബെന്നിച്ചന്‍ തോമസ് വനംമന്ത്രിക്ക് നല്‍കിയ വിശീദകരണത്തിലും പറയുന്നു. സർക്കാരിനെ കൂടുതൽ കുരുക്കിക്കൊണ്ടാണ് ഇ-ഫയൽ രേഖകൾ പുറത്തു വന്നിരിക്കുന്നത്.
Most Read: ‘യാചിച്ചവർക്ക് മാപ്പ് കിട്ടി, പോരാടിയവർക്ക് സ്വാതന്ത്ര്യവും’; കങ്കണക്ക് കോൺഗ്രസിന്റെ മറുപടി