ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുക്‌തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു എന്നാണ് സോറൻ ബിജെപി പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.
ജാർഖണ്ഡ് സംസ്‌ഥാന രൂപീകരണത്തിന് നിർണായക പങ്കുവഹിച്ച, ആദിവാസി സമൂഹത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ് ചംപയ് സോറൻ. മുഖ്യമന്ത്രി ഹേമന്ത് സോറനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിടുമെന്ന് ചംപയ് സോറൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ചംപയ് സോറന്റെ രാഷ്‌ട്രീയ മാറ്റമെന്നത് ശ്രദ്ധേയമാണ്.
പാർട്ടിയുമായി ഉടക്കി നിന്ന ചംപയ് സോറനെ ബിജെപി വലയിലാക്കുകയായിരുന്നു. പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്‌കാരവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ചംപയ് സോറൻ എക്‌സിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ വ്യക്‌തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ചപ്പോഴാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്.
തുടർന്ന് അഞ്ചുമാസത്തിന് ശേഷം ജാമ്യം ലഭിച്ചു തിരിച്ചെത്തിയ ഹേമന്ത് സോറനുവേണ്ടി ചംപയ് സോറൻ മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞു. ഇതിൽ ചംപയ് സോറൻ അസ്വസ്‌ഥനായിരുന്നു എന്നാണ് വിവരം. പാർട്ടിയിൽ ഉണ്ടായ അധികാര തകർക്കങ്ങളെ തുടർന്ന് ഹേമന്ത് സോറനുമായി ചംപയ് സോറൻ അകൽച്ചയിലായിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി