കൊൽക്കത്ത: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ളത് ഏകാധിപത്യ സർക്കാരാണെന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസ്‌താവനക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി നുസ്രത് ജഹാൻ. യഥാർഥ ഏകാധിപതിയും സ്വേച്ഛാധിപതിയും ഫാസിസ്‌റ്റും ആരാണെന്ന് അറിയണമെങ്കിൽ ഉടൻ കണ്ണാടിയിൽ നോക്കൂവെന്ന് നുസ്രത് ജഹാൻ തിരിച്ചടിച്ചു. ഞായറാഴ്‌ച ഹൗറയിൽ നടന്ന ബിജെപി റാലിക്കിടെ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സംസ്‌ഥാന ഭരണകർത്താക്കൾക്ക് എതിരെ ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകിയതായി തേജസ്വി സൂര്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
“മമതാ ബാനർജിയുടെ ഏകാധിപത്യ-സ്വേച്ഛാധിപത്യ-ഫാസിസ്‌റ്റ് സർക്കാരിനെ ഈ തിരഞ്ഞെടുപ്പിലൂടെ പുറത്താക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും. പശ്‌ചിമ ബംഗാളിൽ ഫാസിസത്തിനെതിരെ ശബ്‌ദമുയർത്താനും നിയമവാഴ്‌ചക്ക് വേണ്ടി നിലകൊള്ളാനും ഇന്ത്യൻ ഭരണഘടനയെ മാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന മനസാക്ഷിയുള്ള ഇന്ത്യക്കാരോട് ഞാൻ ആവശ്യപ്പെടുന്നു,”- എന്നായിരുന്നു തേജസ്വി സൂര്യയുടെ വാക്കുകൾ.
എന്നാൽ, ബിജെപി ഏകാധിപത്യവും വിദ്വേഷ രാഷ്‌ട്രീയവും കൊണ്ട് രാജ്യത്തെ നശിപ്പിക്കുകയാണെന്ന് നുസ്രത് ജഹാൻ മറുപടി നൽകി. “തേജസ്വി സൂര്യ, പരിഹാസ്യമായ പ്രസ്‌താവനകൾ നടത്തുന്നതിനുപകരം, യഥാർഥ ഫാസിസ്‌റ്റുകൾ ആരാണെന്ന് മനസിലാക്കാൻ ഇപ്പോൾ തന്നെ ഒരു കണ്ണാടി നോക്കൂ. ബിജെപിയിലെ നിങ്ങളുടെ മേലധികാരികളാണ് 2014 മുതൽ സ്വേച്ഛാധിപത്യവും വിദ്വേഷ രാഷ്‌ട്രീയവും ഉപയോഗിച്ച് ഈ രാജ്യത്തെ നശിപ്പിച്ചത്,”- നുസ്രത് ജഹാൻ ട്വീറ്റ് ചെയ്‌തു.
Also Read: സിബിഐക്കുള്ള പൊതു അനുമതി പിന്‍വലിക്കുന്ന എട്ടാമത്തെ സംസ്‌ഥാനമായി പഞ്ചാബ്