അഗര്‍ത്തല: സംസ്‌ഥാനത്തെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് യുഎപിഎ ചുമത്തി ത്രിപുര പോലീസ്. അധിക്ഷേപകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾക്ക് പോലീസ് നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍, ബ്രൗസിംഗ് വിശദാംശങ്ങള്‍, അവര്‍ ലോഗിന്‍ ചെയ്‌ത ഐപി വിലാസങ്ങളുടെ പട്ടിക, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ത്രിപുര പോലീസ് തേടിയിട്ടുണ്ട്. നാല് സുപ്രീം കോടതി അഭിഭാഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.
അതേസമയം ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംസ്‌ഥാനത്ത് നടക്കുന്ന അതിക്രമങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട് തേടി. വിവരവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെയുടെ പരാതിയെ തുടർന്നാണ് നടപടി. ത്രിപുര ചീഫ് സെക്രട്ടറി കുമാര്‍ അലോകിനും പൊലീസ് ഡയറക്‌ടര്‍ ജനറല്‍ വിഎസ് യാദവിനും ഇത് സംബന്ധിച്ച് എന്‍എച്ച്ആര്‍സി കത്തുനല്‍കി. നാലാഴ്‌ചക്കുള്ളില്‍ നടപടിയുടെ റിപ്പോര്‍ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടും സംസ്‌ഥാന സര്‍ക്കാര്‍ ശരിയായ നടപടി സ്വീകരിച്ചില്ലെന്നും വടക്കന്‍ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിയില്‍ പള്ളികള്‍ തകര്‍ക്കുകയും കടകള്‍ കത്തിക്കുകയും ചെയ്‌തിരുന്നെന്നും ഗോഖലെയുടെ പരാതിയില്‍ പറയുന്നുണ്ട്.
Read also: ആര്യൻ ഖാനെ തട്ടിക്കൊണ്ട് പോകാനാണ് ലക്ഷ്യമിട്ടത്; പിന്നിൽ ബിജെപി നേതാവെന്ന് നവാബ് മാലിക്