ന്യൂഡെൽഹി: വന്ദേഭാരത് എക്‌സ്‌പ്രസ് യാത്രാതീവണ്ടികളുടെ മാതൃകയിൽ അതിവേഗ ചരക്കുവണ്ടികൾക്ക് പദ്ധതിയിട്ട് റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്‌ടറിയാണ് ഇതിന്റെ മാതൃക നിർമിക്കുക. 16 കോച്ചുകളുള്ള 25 തീവണ്ടികളാണ് ഉദ്ദേശിക്കുന്നത്. 160 കിലോമീറ്ററാണ് ഇവയുടെ പരമാവധി വേഗം. നിലവിലുള്ള ചരക്കുവണ്ടികളുടെ പരമാവധി വേഗം 75 കിലോമീറ്ററാണ്.
വന്ദേഭാരത് മാതൃകയിലുള്ള ചരക്കുവണ്ടിയുടെ വില 60 കോടി രൂപയാണ്. സാധാരണ ചരക്കുവണ്ടികളെക്കാൾ മൂന്നിരട്ടി കൂടുതൽ. ഡിസംബറോടെ മാതൃക തയ്യാറാക്കാനും ശേഷം എല്ലാ മാസവും ഓരോ തീവണ്ടിവീതം പുറത്തിറക്കാനുമാണ് പദ്ധതി.
പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി കേടാകുന്ന വസ്‌തുക്കളുടെ നീക്കത്തിനായി ശീതീകരിച്ച നാല് കോച്ചുകൾ വന്ദേഭാരത് ചരക്കുകടത്ത് വണ്ടികളിലുണ്ടാകും. ഇ-കൊമേഴ്‌സ് മേഖലയുടെ വളർച്ച ചരക്കുകടത്തിന്റെ സാധ്യതകൾ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്താനാണ് റെയിൽവേയുടെ നീക്കം. 400 പുതിയ വന്ദേഭാരത് എക്‌സ്‌പ്രസുകളെപ്പറ്റി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ പരാമർശിച്ചിരുന്നെങ്കിലും ചരക്കുകടത്തിന് ഇവ ഉപയോഗിക്കുന്നത് പുതിയ ആശയമാണ്.
Most Read: രാജ്യത്ത് നാലാം തരംഗമില്ല; മഹാമാരിയുടെ മറ്റൊരു ഘട്ടം മാത്രമെന്ന് ഐസിഎംആർ







































