വാഷിങ്ടൻ: ഇന്ത്യക്ക് മേൽ 50% അധിക തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് സമ്മതിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇപ്പോഴും തുടരുന്നതിനാൽ തീരുവ ഒഴിവാക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്‌താവന.
”റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്ക് 50% തീരുവ ഏർപ്പെടുത്തിയത്. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. തീരുവ ഈടാക്കിയത് ഇന്ത്യയുമായി ഭിന്നതയ്‌ക്ക് ഇടയാക്കി”- ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ സംസാരിക്കുമെന്നും ട്രംപ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ഇന്ത്യൻ വാണിജ്യ മന്ത്രി അടുത്തയാഴ്‌ച വാഷിങ്ടൻ സന്ദർശിക്കുമ്പോൾ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് യുഎസ് അധികൃതർ വ്യക്‌തമാക്കി. ഇന്ത്യ യുഎസിൽ നിന്ന് അകന്നുപോകാതിരിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്ന് ഇന്ത്യയിലെ അംബാസഡറായി നിയമിച്ച സെർജിയോ ഗോർ വ്യക്‌തമാക്കി. ട്രംപ് വ്യക്‌തിപരമായി മോദിയെ ആക്രമിച്ചിട്ടില്ലെന്നും ഗോർ ചൂണ്ടിക്കാട്ടി.
പുതിയ തീരുവ നിലവിൽ വന്നതോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായി. ബ്രസീലിനും 50 ശതമാനമാണ് തീരുവ. ആദ്യം പ്രഖ്യാപിച്ച 25% അധിക തീരുവ ഓഗസ്‌റ്റ് ഏഴിനും പിന്നീട് പ്രഖ്യാപിച്ച 25% തീരുവ ഓഗസ്‌റ്റ് 27നുമാണ് നിലവിൽ വന്നത്. അധിക തീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി