വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തീരുവ ഭീഷണി ഉപയോഗിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ നിർത്തിയെന്ന് വീണ്ടും പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ഇന്ത്യ ഇക്കാര്യം പലതവണ നിഷേധിച്ചിട്ടും ട്രംപ് തന്റെ നിലപാട് ആവർത്തിക്കുകയാണ്.
”തീരുവ ഭീഷണി ഉപയോഗിച്ചാണ് എട്ടിൽ അഞ്ചോ ആറോ യുദ്ധം ഞാൻ അവസാനിപ്പിച്ചത്. ഇന്ത്യയും പാക്കിസ്‌ഥാനും യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് കുഴപ്പമില്ല. പക്ഷേ, ഞങ്ങൾ തീരുവ ചുമത്തുമെന്നും അത് വളരെ കൂടുതലായിരിക്കുമെന്നും ഞാൻ അവരോട് പറഞ്ഞു. ഞങ്ങൾ ഒരു വ്യാപാര കരാറിന്റെ മധ്യത്തിലാണെന്നും പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം അവർ വിളിച്ച് ഇനി യുദ്ധം ചെയ്യാൻ പോകുന്നില്ലെന് പറഞ്ഞു. അവർക്ക് സമാധാനമുണ്ട്”- ട്രംപ് പറഞ്ഞു.
ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്‌ഥാൻ ഭീകര ക്യാംപുകളെ ലക്ഷ്യമിട്ട് ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് തന്റെ ഇടപെടലോടെയാണെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. എന്നാൽ, ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി








































