വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രംപ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കി. പകര ചുങ്കം നിയമവിരുദ്ധമെന്ന് കോടതി കണ്ടെത്തി. ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു.
ആഗോള സമ്പദ്‌വ്യവസ്‌ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചു. ദേശീയ അടിയന്തരാവസ്‌ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്നും കോടതി വിധിയിൽ പറഞ്ഞു.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക്ക് പവേഴ്‌സ് ആക്‌ട് (IEEPA) ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡണ്ടിന് അധികാരമില്ലെന്നും, യുഎസ് കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും കോടതി വ്യക്‌തമാക്കി.
ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്‌ഥാനങ്ങളും നൽകിയ ഹരജിയിലാണ് യുഎസ് സുപ്രീം കോടതിയുടെ ഇടപെടൽ. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ പ്രസിഡണ്ടിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി.
Most Read| ബംഗാളിലെ എസ്‌ഐആർ; ജഡ്‌ജിമാരുടെ മേൽനോട്ടത്തിൽ നടത്താൻ സുപ്രീം കോടതി



































