വാഷിങ്ടൻ: തീരുവ നയം നടപ്പാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും കാർ ഭാഗങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തും. യുഎസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
പുതിയ തീരുവ ഏപ്രിൽ രണ്ടുമുതൽ പ്രാബല്യത്തിൽ വരും. അതേസമയം, കാർ ഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ മേയ് മുതലാകും പ്രാബല്യത്തിൽ വരിക. തീരുവ നയം നടപ്പാക്കുന്നതിലൂടെ കാർ വിപണിയിൽ വൻ കുതിപ്പ് ഉണ്ടാകുമെന്നും യുഎസിലെ തൊഴിൽ സാധ്യതയ്ക്ക് ഇത് മുതൽക്കൂട്ടാകുമെന്നുമാണ് ട്രംപിന്റെ വാദം.
ഏകദേശം 80 ലക്ഷം കാറുകൾ 2024ൽ മാത്രം യുഎസിലേക്ക് ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. അതായത്, 244 ബില്യൻ ഡോളറിന്റെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. യുഎസിലേക്കുള്ള കാർ ഇറക്കുമതിയിൽ മുൻപന്തിയിലുള്ള മെക്സിക്കോ, ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ, ജർമനി എന്നീ രാജ്യങ്ങൾക്കും തീരുവ നയം വൻ തിരിച്ചടിയായേക്കും.
ട്രംപിന്റെ 25% തീരുവ നയം ഓഹരി വിപണിയെ വലിയ തോതിൽ ബാധിച്ചതിനെ തുടർന്ന് വിദഗ്ധർ നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്തായിരുന്നു തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ചത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ