മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് കളമൊരുങ്ങുന്നു. ഇരുവരും തമ്മിൽ അടുത്തയാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്നും യുഎഇ ആയിരിക്കും വേദിയെന്നും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
പുട്ടിൻ ആണ് യുഎഇ ചർച്ചക്ക് വേദിയാകണമെന്ന് നിർദ്ദേശിച്ചത്. പുട്ടിനും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്‌കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തിയതിന് ശേഷം മാത്രമേ പുട്ടിനുമായുള്ള ചർച്ചക്ക് ട്രംപ് തയ്യാറാകൂ എന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങൾ കൂടി പങ്കെടുക്കണമെന്നാണ് സെലൻസ്‌കിയുടെ നിലപാട്.
യുഎസ് പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് ബുധനാഴ്‌ച മോസ്‌കോയിൽ വെച്ച് മൂന്ന് മണിക്കൂർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്‌ച ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് കളമൊരുങ്ങിയതായി പുട്ടിൻ സ്‌ഥിരീകരിച്ചത്. വ്യാഴാഴ്‌ച മോസ്‌കോയിൽ വെച്ച് യുഎഇ പ്രസിഡണ്ട് മുഹമ്മദ് ബിൻ സായിദ് അൽ- നഹ്യാനുമായി പുട്ടിൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Most Read| ‘വലിയ വില നൽകേണ്ടി വന്നാലും വിട്ടുവീഴ്‌ചയ്‌ക്കില്ല’; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി