ന്യൂയോർക്ക്: പലസ്‌തീന് രാഷ്‌ട്രപദവി നൽകുന്നത് ഭീകരതയ്‌ക്കുള്ള സമ്മാനമായിരിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചില രാജ്യങ്ങൾ ഏകപക്ഷീയമായി പലസ്‌തീൻ രാഷ്‌ട്ര പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ഗാസയിൽ യുദ്ധം ഉടൻ നിർത്തണം. അതിനായി ഒത്തുതീർപ്പുണ്ടാവണം. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.
യുഎൻ പൊതുസഭയുടെ 80ആം വാർഷിക ചർച്ചയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. രാജ്യത്തിന്റെ അതിർത്തികൾ തുറന്നിടുകയെന്ന പരീക്ഷണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. കുടിയേറ്റമാണ് യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. എന്നാൽ, ഇത് തടയാനായി യൂറോപ്യൻ രാജ്യങ്ങൾ ഒന്നും ചെയ്യുന്നില്ല. കുടിയേറ്റത്തിന് വലംവയ്‌ക്കുന്ന പ്രവൃത്തികളാണ് യുഎന്നിന്റേതെന്നും പാശ്‌ചാത്യ രാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റം യുഎൻ പ്രോൽസാഹിപ്പിക്കുകയാണെന്നും ട്രംപ് വിമർശിച്ചു.
കാലാവസ്‌ഥാ വ്യതിയാനം യാഥാർഥ്യമല്ലെന്നും ഇതേപ്പറ്റി യുഎൻ നടത്തിയ പ്രവചനങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പലസ്‌തീൻ പ്രശ്‌നവും യുക്രൈൻ യുദ്ധവും മുഖ്യവിഷയങ്ങളായി ഫ്രാൻസിന്റെയും സൗദിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിൽ ഡസനിലേറെ രാഷ്‌ട്ര നേതാക്കളാണ് പലസ്‌തീന് രാഷ്‌ട്രപദവി അംഗീകരിച്ച് പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതിനിടെയാണ്, ട്രംപ് പലസ്‌തീനെ തള്ളി ഇസ്രയേലിനുവേണ്ടി ശക്‌തമായ നിലപാട് എടുത്തത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം