വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചു. സമാധാന പദ്ധതിയുടെ ഒന്നാംഘട്ടം ഈയാഴ്‌ച നടപ്പിലാക്കുമെന്നും ട്രംപ് അറിയിച്ചു.
സമയം വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കിൽ വലിയ രക്‌തചൊരിച്ചിൽ ഉണ്ടാകും. ബന്ദികളെ വളരെ വേഗം മോചിപ്പിക്കുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്‌തിലെ കയ്‌റോയിൽ ആരംഭിച്ചേക്കും. ബന്ദികളുടെയും പലസ്‌തീൻ തടവുകാരുടെയും കൈമാറ്റമാണ് മുഖ്യചർച്ചാ വിഷയം.
അതിനിടെ, ഗാസയിൽ ഇസ്രയേൽ ടാങ്കുകൾ വീടുകൾ ഇടിച്ചുനിരത്തുന്നത് ഇന്നലെയും തുടർന്നു. ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഖത്തർ, ഈജിപ്‌ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്‌ഥതയിലാണ് കയ്‌റോയിലെ ചർച്ച. ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ പങ്കെടുക്കും. ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോട് ഹമാസ് പ്രതികരിക്കാത്ത സാഹചര്യത്തിൽ ഇസ്രയേൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്