വാഷിങ്ടൻ: ഹമാസിന് അന്ത്യശാസനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് വേഗത്തിൽ തീരുമാനം എടുക്കണമെന്നും ഇല്ലെങ്കിൽ എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഹമാസ് ബന്ദികളാക്കിയ 48 ഇസ്രയേൽ പൗരൻമാരിൽ 20 പേർ ജീവനോടെ ഉണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. അതേസമയം, ബോംബാക്രമണം തൽക്കാലം നിർത്തിവെച്ച ഇസ്രയേലിനെ ട്രംപ് അഭിനന്ദിച്ചു. എന്നാൽ, ഗാസ നഗരത്തിൽ ചിലയിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതിയിലെ ചില വ്യവസ്‌ഥകൾ അംഗീകരിച്ചതായി ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കാൻ ഒരുക്കം തുടങ്ങിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഇതോടെ, ചൊവ്വാഴ്‌ച രണ്ടുവർഷം തികയുന്ന ഗാസ യുദ്ധത്തിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകം. എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ മരണം പലസ്‌തീൻ സ്വതന്ത്ര വിദഗ്‌ധർക്ക് കൈമാറുമെന്നുമാണ് ഹമാസ് സമ്മതിച്ചത്. എന്നാൽ, ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
ഗാസയുടെ ഭാവിയിൽ തുടർന്നും പങ്കുണ്ടാകുമെന്ന് സൂചിപ്പിച്ച ഹമാസ്, യുഎസ് പദ്ധതിയിലെ മറ്റു നിർദ്ദേശങ്ങൾ പലസ്‌തീൻ- അറബ് വിശാല ചർച്ചയിലൂടെ തീരുമാനിക്കാമെന്നും നിർദ്ദേശിച്ചു. ഹമാസിന്റെ പ്രതികരണത്തിന് ഗാസയിലെ രണ്ടാമത്തെ വലിയ സംഘടനയായ ഇസ്‍ലാമിക് ജിഹാദും പിന്തുണ അറിയിച്ചു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്