ജയ്പൂർ: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിച്ച് ബിജെപി രാജസ്ഥാൻ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ മദൻ ദിലവർ. സമരം നടത്തുന്ന കർഷകർ ചിക്കൻ ബിരിയാണിയും കശുവണ്ടിയും ബദാമും കഴിച്ച് രാജ്യത്ത് പക്ഷിപ്പനി പടർത്താൻ ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി നേതാവ് ആരോപിച്ചു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ആയിരുന്നു മദൻ ദിലവാറിന്റെ വിവാദ പ്രസ്താവന. കർഷകർ ഇന്ത്യയെ കുറിച്ച് ആശങ്കപ്പെടുന്നില്ല. പ്രതിഷേധിക്കുന്നവർ ചിക്കൻ ബിരിയാണി കഴിച്ച് വിനോദയാത്ര ആസ്വദിക്കുന്നു. പ്രക്ഷോഭത്തിൽ കള്ളൻമാരും തീവ്രവാദികളും കർഷകരുടെ ശത്രുക്കളും ഉണ്ടാകാം. മാന്യമായി അഭ്യർഥിച്ചോ കർശന നടപടികൾ സ്വീകരിച്ചോ സർക്കാർ കർഷകരെ നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് മദൻ വീഡിയോയിലൂടെ പറയുന്നു.
ബിജെപി നേതാവിന്റെ ആരോപണത്തിനെതിരെ രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊസ്താര രംഗത്തെത്തി. കർഷകർക്കെതിരെ തീവ്രവാദികൾ, കള്ളൻമാർ എന്നീ വാക്കുകൾ പ്രയോഗിക്കുന്നത് തീർത്തും ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾക് അന്നം തരുന്നവരാണ് കർഷകർ. അവരുടെ പ്രക്ഷോഭത്തെ വിനോദയാത്ര എന്ന് വിളിച്ച് നിങ്ങൾ പരിഹസിക്കുന്നു. പക്ഷിപ്പനി പടർത്തുമെന്ന് ആരോപിക്കുന്നു. ബിജെപിയുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് മദൻ ദിലവറിന്റെ പ്രസ്താവനയെന്നും ഗോവിന്ദ് സിങ് പറഞ്ഞു.
Also Read: ഒന്‍പത് ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍








































