ഇടുക്കി: ഇടുക്കിയിൽ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തുകയും ഒരു സ്‌ത്രീയെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌ത ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ. ഒപ്പം താമസിച്ചിരുന്ന ഇതര സംസ്‌ഥാന തൊഴിലാളികളെയാണ് വെട്ടി കൊലപ്പെടുത്തിയത്. ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്‌ജയ് ബാസ്‌കി (30) ആണ് കൊലപാതകം നടത്തിയത്. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ എന്ന സ്‌ഥലത്തുള്ള ജംഷ് മറാണ്ടി (32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. ഷുക്കു ലാലിന്റെ ഭാര്യ വാസന്തി തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.
കട്ടപ്പനക്കടുത്ത് വലിയതോവാളയിൽ ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബാസ്‌കി രണ്ടുപേരെയും വെട്ടിക്കൊല്ലുകയായിരുന്നു. മൂവരും തമ്മിലുള്ള സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ ആണ് ഷുക്കു ലാലിന്റെ ഭാര്യക്ക് വെട്ടേറ്റത്.
പ്രതി സഞ്‌ജയ് ബാസ്‌കിയെ രാത്രി രണ്ട് മണിയോടെ ഏലക്കാട്ടിൽ വച്ചാണ് പിടികൂടിയത്. ഇയാളെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈഎസ്‌പി എൻസി രാജ്‌മോഹൻ ഉൾപ്പടെ രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
Also Read: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും





































