കാസർഗോഡ്: പള്ളിക്കരയിൽ പിങ്ക് വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടു പേർ പിടിയിൽ. ചെർക്കപ്പാറ കളപ്പുറത്ത് പി കിരൺ (23), പള്ളിക്കര മഠത്തിൽ മുബാറക് ക്വാർട്ടേഴ്‌സിലെ കെ അനിൽ (23) എന്നിവരെയാണ് ബേക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ രാവിലെ 9.45ന് ആണ് സംഭവം. പള്ളിക്കര ഗവ. ഹയർസെക്കണ്ടറി സ്‌കൂളിനടുത്ത് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബേക്കൽ ഡിവിഷനിലെ വനിതാ പോലീസ് ഉദ്യോഗസ്‌ഥയാണ് കയ്യേറ്റത്തിന് ഇരയായത്.
സ്‌കൂളിന് അടുത്തുവെച്ച് കിരൺ ഹെൽമറ്റും മാസ്‌കും ധരിക്കാതെ സ്‌കൂട്ടറിൽ എത്തിയിരുന്നു. ഇതേ തുടർന്ന് വണ്ടി നിർത്തിച്ച് ചോദ്യം ചെയ്‌തതോടെ കിരൺ മോശമായി പെരുമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടാതെ, കിരൺ സുഹൃത്തായ അനിലിനെ വിളിച്ചു വരുത്തി വനിതാ പോലീസിനോട് അശ്‌ളീല ഭാഷയിൽ സംസാരിച്ചുവെന്നും താക്കോൽകൂട്ടം കൊണ്ട് ഉദ്യോഗസ്‌ഥയുടെ വലത് കൈവിരലിന് മുറിവേൽപ്പിച്ചതായും കൈപിടിച്ച് തിരിച്ചതായും പോലീസ് പറഞ്ഞു.
ബേക്കൽ സ്‌റ്റേഷനിലെ കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. ഉദ്യോഗസ്‌ഥയോട് അശ്‌ളീല ഭാഷയിൽ സംസാരിക്കുക, കയ്യേറ്റം ചെയ്യുക, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Most Read: ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് തിയേറ്ററിൽ പ്രവേശനം; തീരുമാനം ഇന്ന്







































