പാലക്കാട്: വാളയാറിൽ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. തൃശൂർ അന്തിക്കാട് സ്വദേശി ആർ വിഷ്‌ണു ചന്ദ്രൻ, കൊച്ചി കണയന്നൂർ സ്വദേശി ഷെലിൻ എസ് കരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് കേസുകളിലായി അന്തർസംസ്‌ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി ഉൾപ്പെടെയാണ് അറസ്‌റ്റിലായത്. എക്‌സൈസും പോലീസും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 44 ഗ്രാം എംഡിഎംഎ തൃശൂർ അന്തിക്കാട് കിഴക്കുമുറി പെരിങ്ങോട്ടുക്കരയിൽ ആർ വിഷ്‌ണു ചന്ദ്രനിൽ നിന്നാണ് പിടികൂടിയത്. കൊച്ചിയിലെ ആഡംബര ഹോട്ടലിലേക്ക് ക്രിസ്‌മസ്-പുതുവൽസര നിശാപാർട്ടി ലക്ഷ്യമിട്ടാണ് എംഡിഎംഎ കൊണ്ട് വന്നതെന്നാണ് പ്രതി മൊഴി നൽകിയിട്ടുണ്ട്.
എക്‌സൈസ് ചെക്ക്പോസ്‌റ്റ് ടീമിന്റെ പരിശോധനയിലാണ് സ്വകാര്യ ബസിൽ കടത്തിയ 40 ഗ്രാം എംഎഡിഎംയുമായി കൊച്ചി കണയന്നൂർ മണക്കുന്നം ഉദയംപേരൂർ സ്വദേശി ഷെലിൻ എസ് കരുണിനെ അറസ്‌റ്റ് ചെയ്‌തത്. ബെംഗളൂരുവിൽ നിന്ന് വിമാനത്താവളം വഴി കോയമ്പത്തൂരിൽ എത്തിച്ച ലഹരി മരുന്നാണ് ബസ് മാർഗം കേരളത്തിലേക്ക് കൊണ്ട് വന്നതെന്ന് പ്രതി പറഞ്ഞു.
Most Read: കൊലയാളികൾ സംസ്‌ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം പോലീസിന്; രമേശ് ചെന്നിത്തല





































