കോഴിക്കോട്: അപകടങ്ങൾ തുടരുമ്പോഴും കോഴിക്കോട് നഗരത്തിലെ ഓവുചാലുകൾ നവീകരിക്കാൻ നടപടിയില്ല. പൊളിഞ്ഞതും തുറന്നുകിടക്കുന്നതുമായ കോൺക്രീറ്റ് സ്ളാബുകൾ മരണക്കെണിയായി മാറുമ്പോഴും അധികൃതർ കണ്ണ് തുറക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മാസം 31ന് പാലാഴിയിൽ തുറന്ന് കിടന്ന ഓടയിൽ വീണ് ഒരു വയോധികൻ മരിച്ചിരുന്നു.
ഇത്തരത്തിൽ മൂന്ന് മാസത്തിനിടെ പ്രദേശത്ത് രണ്ട് പേരാണ് തുറന്ന് കിടന്ന ഓടയിൽ വീണ് മരിച്ചത്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുത്തിരുന്നു. സമാന അവസ്ഥ തന്നെയാണ് നഗരത്തിലെ പല ഓടകളിലും.
കോഴിക്കോട് ബഷീർ റോഡിലുള്ള ഓടകളിൽ ചിലതിന് സ്ളാബ് ഇല്ല. റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടകളിൽ പലതും പൊട്ടിക്കിടക്കുകയാണ്. സിഎച്ച് മേൽപാലത്തിലെ ഓടകൾ കാലങ്ങളായി തകർന്ന് കിടക്കുകയാണ്. അശോകപുരം ഭാഗത്ത് തകർന്ന സ്ളാബുകൾക്ക് മുകളിൽ പുതിയ സ്ളാബ് ഇട്ടതും അപകട സാധ്യത വർധിപ്പിക്കുന്നു. കാൽനടക്കാർക്കും ഏറെ ദുരിതമാണ് ഓടകളുടെ ഈ അവസ്ഥ. അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഓടകൾ നന്നാക്കാനായി തുടർ നടപടികൾ സ്വീകരിക്കാൻ പിഡബ്ള്യുഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മേയർ വ്യക്തമാക്കുന്നത്.
Also Read: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം; അഞ്ച് പേർ അറസ്റ്റിൽ






































