എറണാകുളം: കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനിടെ പ്രതിഷേധം അറിയിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി കീഴടങ്ങി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പിവൈ ഷാജഹാൻ, മണ്ഡലം പ്രസിഡണ്ട് അരുൺ വർഗീസ് എന്നിവരാണ് കീഴടങ്ങിയത്. മരട് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ ഇവരെ ആരോഗ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
അറസ്‌റ്റ് ഉറപ്പായതോടെ ഫോൺ ഓഫ് ചെയ്‌ത് ജില്ല വിട്ട ഇരുവരും ഇതുവരെ ഇടുക്കിയിലാണ് ഒളിവിൽ കഴിഞ്ഞത്. എന്നാൽ ആരോഗ്യ കാരണങ്ങളെ തുടർന്നാണ് ഇതുവരെ ഹാജരാകാതിരുന്നത് എന്നാണ് ഷാജഹാൻ നൽകിയ വിശദീകരണം. അതേസമയം ഇന്നലെ അറസ്‌റ്റിലായ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ളവരെ റിമാൻഡ് ചെയ്‌ത് കാക്കനാട് സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
ജോജുവിന്റെ കാർ തകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയും. ജാമ്യത്തിനുള്ള തുക നാശ നഷ്‌ടത്തിന്റെ 50 ശതമാനമായി നിശ്‌ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: എസ്‌പിബിക്കായി മകൻ എത്തി, പത്‌മഭൂഷൻ ഏറ്റുവാങ്ങി കെഎസ് ചിത്ര; പുരസ്‌കാര നിറവിൽ