ലണ്ടൻ: എച്ച്1 ബി വിസയ്‌ക്കുള്ള വാർഷിക ഫീസ് ഒരുലക്ഷം ഡോളറാക്കി യുഎസിലെ ട്രംപ് ഭരണകൂടം ഉയർത്തിയതിന് പിന്നാലെ കുടിയേറ്റ നയത്തിൽ നിർണായക മാറ്റം വരുത്താനൊരുങ്ങി യുകെയും ചൈനയും. വിസാ ഫീസ് ഒഴിവാക്കാനുള്ള ചർച്ചകൾ യുകെ ആരംഭിച്ചതായാണ് വിവരം. പ്രഫഷനലുകളെ ആകർഷിക്കാൻ കെ-വിസ നടപ്പാക്കാനാണ് ചൈന ഒരുങ്ങുന്നത്.
യുകെയിലേക്ക് ആഗോള പ്രതിഭകളെ ആകർഷിക്കാൻ പ്രധാനമന്ത്രി കെയർ സ്‌റ്റാർമാർ പദ്ധതിയിടുന്നതായാണ് റിപ്പോർട്. ലോകത്തെ മികച്ച രാജ്യങ്ങളിൽ നിന്നുള്ള ശാസ്‌ത്രജ്‌ഞരെയും വിദഗ്‌ധരെയും ഡിജിറ്റൽ വിദഗ്‌ധരെയും യുകെയിലേക്ക് ആകർഷിക്കാനുള്ള നയങ്ങൾ രൂപീകരിക്കാനാണ് തീരുമാനം.
ലോകത്തിലെ മികച്ച അഞ്ച് സർവകലാശാലകളിൽ പഠിച്ചവരോ അഭിമാനകരമായ പുരസ്‌കാരങ്ങൾ നേടിയവരോ ആയ ആളുകളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെന്ന് യുകെയിലെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. നിലവാരം കുറയ്‌ക്കുന്നതിനല്ല, മറിച്ച് ഏറ്റവും മിടുക്കരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നതിനാണ് പുതിയ നടപടിയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
സയൻസ്, സാങ്കേതിക മേഖല, എൻജിനിയറിങ്, ഗണിതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രഫഷനലുകളെ ആകർഷിക്കാൻ കെ-വിസ അവതരിപ്പിക്കാനാണ് ചൈനയുടെ നീക്കം. ഒക്‌ടോബർ ഒന്നുമുതൽ കെ-വിസകൾ പ്രാബല്യത്തിൽ വരുമെന്ന് സ്‌റ്റേറ്റ് കൗൺസിൽ അറിയിച്ചു. വിദേശത്ത് നിന്നുള്ള യുവ ശാസ്‌ത്ര-സാങ്കേതിക പ്രതിഭകൾക്ക് വേണ്ടി പ്രത്യേകമായി രൂപപ്പെടുത്തിയതാണ് കെ- വിസയെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നു.
ശാസ്‌ത്ര-സാങ്കേതിക മേഖലയിൽ പഠനം നടത്തുന്നതോ ജോലി ചെയ്യുന്നതോ ആയ യുവാക്കൾക്ക് വേണ്ടിയുള്ളതാണ് കെ-വിസ. അംഗീകൃത സർവകലാശാലകളിൽ നിന്നോ ഗവേഷക സ്‌ഥാപനങ്ങളിൽ നിന്നോ ശാസ്‌ത്രം, സാങ്കേതികം, എൻജിനിയറിങ്, ഗണിത ശാസ്‌ത്രം എന്നീ മേഖലകളിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
Most Read| ബിഹാർ തിരഞ്ഞെടുപ്പ് നവംബർ 15ന് മുൻപ്? ഗ്യാനേഷ് കുമാർ പട്‌നയിലേക്ക്