തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്‌തം. മഹിളാ കോൺഗ്രസ് ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. വാനിതാ കൂട്ടായ്‌മയായ വിമൻ കളക്‌ടീവും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും.
മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധനങ്ങളുടെ പശ്‌ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പോലീസ് സുരക്ഷ കൂടിയിട്ടുണ്ട്. അതിനിടെ, മുകേഷ് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മാറിയതായും വിവരമുണ്ട്. പോലീസ് സുരക്ഷയിലാണ് നടൻ തിരുവനന്തപുരത്ത് നിന്നും മടങ്ങിയത്.
കൊച്ചിയിലേക്കാണ് പോകുന്നതെന്നാണ് സൂചന. അടുപ്പക്കാരായ ചില സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മുകേഷ് കൊച്ചിയിലേക്ക് തിരിച്ചതെന്നാണ് വിവരം. അതേസമയം, മുകേഷിന്റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിർണായക സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ നിലപാട് സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് നേരിട്ടറിയിച്ചിരുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ടു കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.
Most Read| ഇന്ന് അതിശക്‌തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്- വയനാട്ടിൽ പ്രത്യേക ജാഗ്രത